തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് വിസ്മയ എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന്റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു. സ്ത്രീ പീഡനക്കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് അപൂര്‍വ നടപടിയാണ്. 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.
സ്ത്രീധനത്തെച്ചൊല്ലി കിരണ്‍ നിരന്തരമായി ശരീരികമായും മാനസികമായും ഉപദ്രവിച്ചതാണ് വിസ്മയയുടെ മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേതുടര്‍ന്ന് കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം.
കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് കീഴ്കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.
അഡ്വ. ബി.എ. ആളൂര്‍ വഴിയാണ് കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.