കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ വിവിധ സർക്കാർ വകുപ്പുകൾ 11 തവണ പരിശോധന നടത്തിയതിന് പിന്നിൽ കുന്നത്തുനാട് എം. എൽ. എ പി വി ശ്രീനിജനാണെന്നതിന്റെ രേഖകൾ പുറത്ത് വിട്ട് കിറ്റക്സ് മാനേജ്മെന്റ്. ആരോഗ്യ വകുപ്പ് പരിശോധനയ്ക്കും തൊഴിൽ വകുപ്പ് പരിശോധനയ്ക്കും ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് സ്ഥലം എം. എൽ. എയാണ് എന്നാണ് കിറ്റക്സ് ഗ്രൂപ്പ് ആരോപിക്കുന്നത്.
മലയിടംതുരുത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മെയ് പത്തിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ച റിപ്പോർട്ടിലാണ് എം. എൽ. എ ശ്രീനിജൻ അയച്ചുതന്ന വോയ്സ് ക്ലിപ്പ് പ്രകാരമാണ് കിറ്റെക്സിൽ പരിശോധന നടത്തിയതെന്ന് വ്യക്തമാക്കുന്നത്. തൊഴിൽ വകുപ്പ് കിറ്റെക്സിൽ ആദ്യ പരിശോധന നടത്തിയത് എം. എൽ. എയുടെ നിർദേശാനുസരണമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറൽ മാനേജറുടെ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്. ഈ രണ്ട് റിപ്പോർട്ടിന്റെയും പകർപ്പുകളാണ് കിറ്റക്സ് പുറത്ത് വിട്ടത്.
നേരത്തെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാൻ സബ് ജഡ്ജി കിറ്റെക്സിൽ പരിശോധന നടത്തുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്ന് എം. എൽ. എ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നതായും കിറ്റ്ക്സ് ചൂണ്ടിക്കാണിക്കുന്നു. ഹൈകോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജിയുടെ അന്വേഷണം എന്നുമായിരുന്നു പി വി ശ്രീനിജൻ എം. എൽ. എ പറഞ്ഞത്.
![]()
കിറ്റെക്സിലെ ജീവനക്കാരിയുടെതായി വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചാണ് എം. എൽ. എ ഈ പരാതികൾ എല്ലാം ഉണ്ടാക്കി സമ്മർദ്ദം ചെലുത്തിയത് എന്നാണ് കിറ്റക്സിന്റെ മറ്റൊരാരോപണം. ഹൈക്കോടതിക്ക് പരാതി നൽകിയതും എം. എൽ. എ തന്നെയാണ് എന്ന് വ്യക്തമാവുന്നതായും പറയുന്നു. ഇതിൽ പല ഉദ്യോഗസ്ഥരെയും പല തവണ ഫോണിൽ വിളിച്ച് കിറ്റെക്സിനെതിരെ റിപ്പോർട്ട് കൊടുക്കണമെന്ന് എം. എൽ. എ തന്നെ സമ്മർദ്ദം ചെലുത്തി. മുൻ കോൺഗ്രസുകാരനായ സി. പി. എം, എം. എൽ. എ ജില്ലയിലെ മറ്റ് നാല് കോൺഗ്രസ് എം. എൽ. എമാരെ കൂടി ഈ നീക്കത്തിനായി കൂട്ടു പിടിച്ചുവെന്നത് പകൽ പോലെ വ്യക്തമാണെന്നും കിറ്റക്സ് ആരോപിക്കുന്നുണ്ട്.
ഫാക്ടറികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉത്തരവാദപ്പെട്ട ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സിന്റെ അന്വേഷണ റിപ്പോർട്ടിൽ ഒരു നിയമലംഘനവും കിറ്റെക്സിൽ നടക്കുന്നില്ല എന്നു സൂചിപ്പിക്കുന്നതായും വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മലിനീകരണ നിയന്ത്രബോർഡിന്റെ പരിശോധന റിപ്പോർട്ടിലും എല്ലാം നിയമപരമായാണ് കിറ്റെക്സിൽ നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. എല്ലാം കൂട്ടിവായിക്കുമ്പോൾ കിറ്റെക്സിനെ അടച്ചുപൂട്ടിക്കുകയെന്നത് കുന്നത്തുനാട് എം.എൽ.എ അടക്കം അഞ്ച് എം. എൽ. എമാരുടെ ആസൂത്രിത നീക്കമായിരുന്നുവെന്ന് വ്യക്തമാണെന്നും കിറ്റക്സ് ഗ്രൂപ്പ് വാർത്താകുറിപ്പിൽ പറയുന്നു.
തൊഴിൽ, ആരോഗ്യം, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, പൊലീസ് എന്നീ വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ലീഗൽ അതോറിറ്റി, തഹസിൽദാർ എന്നിവരുടെയും നേതൃത്വത്തിലാണ് ഒരു മാസത്തിനുള്ളിൽ വിവിധ തീയതികളിലായി 11 പരിശോധന കിറ്റെക്സിൽ നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്സ് പിന്മാറിയത്. തുടർന്ന് 1000 കോടിയുടെ നിക്ഷേപം ആദ്യഘട്ടമായി തെലങ്കാനയിൽ നടത്താൻ കിറ്റക്സ് ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.