ഹൈദരാബാദ്: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി തെലങ്കാനയിലെത്തിയ കിറ്റക്സ് എം ഡി സാബു എം ജേക്കബിനും സംഘത്തിനും ഊഷ്മളമായ സ്വീകരണം. ഹൈദരാബാദിലെത്തിയ സംഘവുമായി തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി. മൂലധന സബ്സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം നൽകിയിരിക്കുന്നത്. തെലങ്കാനയിൽ നിലനിൽക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു. ചർച്ചയുടെ ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ കെ ടി രാമറാവു ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read- കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില
തെലങ്കാന സർക്കാരുമായി ചർച്ച നടത്താൻ കിറ്റക്സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ് അടങ്ങുന്ന ആറംഗസംഘമാണ് ഹൈദരാബാദിലെത്തിയത്. തെലങ്കാന സർക്കാർ അയച്ച് സ്വകാര്യ വിമാനത്തിലാണ് സംഘം ഹൈദരാബാദിലെത്തിയത്. വിവിധ മേഖലകളനുസരിച്ച് നിരവധി പ്രത്യേക ആനുകൂല്യങ്ങളും തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉദ്യോഗസ്ഥരുമായും കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ഫോണിൽ സംസാരിച്ചിരുന്നു.
Also Read- 'തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണ്'; കിറ്റക്സ് എം ഡി സാബു ജേക്കബ്
A delegation from Kitex Group, headed by Sri Sabu M Jacob, Chairman & MD, met Minister Sri @KTRTRS in Hyderabad. During the meeting, Minister KTR gave an overview of the progressive industrial policies of Telangana state & availability of required resources for textiles sector. pic.twitter.com/cZbpChYooY
— Minister for IT, Industries, MA & UD, Telangana (@MinisterKTR) July 9, 2021
അതേസമയം, കേരളം വിട്ട് തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റക്‌സിന്റെ ഓഹരി വിലയിൽ വൻ കുതിപ്പാണുണ്ടായത്. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വർധനയാണ് കിറ്റക്‌സ് ഗാർമെന്റ്‌സിന്റെ ഓഹരിയിൽ ഉണ്ടായത്. വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.
Also Read-കിറ്റെക്സിനെ തെലങ്കാന വിളിക്കുന്നു; വാഗ്ദാനങ്ങൾ എന്തെല്ലാം?
പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷമാണ് കേരളം വിട്ടുപോകാൻ താൻ തീരുമാനിച്ചതെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. മൃഗത്തെപ്പോലെ വേട്ടയാടിയെന്നും കേരളം വിട്ടുപോകണമെന്ന് കരുതിയതല്ലെന്നും ചവിട്ടിപ്പുറത്താക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചത് കൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചതെന്നുമാണ് സാബു എം ജേക്കബിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kitex company, Kitex group, Kitex row, Sabu M Jacob, Telangana