• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്പീക്കറുടെ റൂളിങ്ങും എം എം മണിയുടെ നിലപാടും സ്വാഗതാര്‍ഹം: കെ കെ രമ എംഎൽഎ

സ്പീക്കറുടെ റൂളിങ്ങും എം എം മണിയുടെ നിലപാടും സ്വാഗതാര്‍ഹം: കെ കെ രമ എംഎൽഎ

ചെയര്‍ നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും സഭയുടെയും സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് കെ കെ രമ

 • Last Updated :
 • Share this:
  തിരുവനന്തപുരം: നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കാന്‍ സ്പീക്കർ എം ബി രാജേഷ് (MB Rajesh) നടത്തിയ റൂളിങ്ങും തുടര്‍ന്ന് എം എം മണി (MM Mani) സ്വീകരിച്ച നിലപാടും സ്വാഗതാര്‍ഹമെന്ന് കെ കെ രമ (KK Rema) എംഎൽഎ. ഇത് സംബന്ധിച്ച് ചെയര്‍ നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും സഭയുടെയും സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി എം എം മണിക്കെതിരെ നടന്ന അപമാനകരമായ ആവിഷ്‌കാരങ്ങളും പരാമര്‍ശങ്ങളുമെല്ലാം ഉത്തരവാദപ്പെട്ടവര്‍ ഒട്ടും താമസമില്ലാതെ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തുവെന്നതിനേയും ഈയൊരു സന്ദര്‍ഭത്തില്‍ കലവറയില്ലാതെ അഭിനന്ദിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

  കുറിപ്പിന്റെ പൂര്‍ണരൂപം

  നിയമസഭയില്‍ ബഹുമാന്യനായ എം.എല്‍.എ ശ്രീ.എം.എം.മണി എനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ ബഹു:സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് നടത്തിയ റൂളിങ്ങും, തുടര്‍ന്ന് ശ്രീ.എം.എം.മണി എം.എല്‍.എ സ്വീകരിച്ച നിലപാടിനെയും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
  ബഹു:ചെയര്‍ ഇത് സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും, സഭയുടെയും,സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതുമാണ്.
  ഒട്ടും വ്യക്തിപരമോ വൈകാരികമോ ആയല്ല, ഈ പ്രശ്‌നം ഉന്നയിച്ചതും ഉയര്‍ത്തിപ്പിടിച്ചതും.

  Also Read- 'കമ്യൂണിസ്റ്റുകാരനായ ഞാൻ പറയാൻ പാടില്ലായിരുന്നു'; KK രമയ്ക്കെതിരായ പരാമർശം പിൻവലിച്ച് MM മണി

  നമ്മുടെ രാഷ്ട്രീയ സംവാദങ്ങള്‍ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്.
  വംശീയ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ കക്ഷിഭേദമോ മുന്നണി ഭേദമോ ഇല്ലാതെ ഗ്രസിച്ചിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. പലപോഴും അക്രമാസക്ത ആണ്‍കൂട്ട അണികളെ ആവേശഭരിതരാക്കാനും വീര്യം പകരാനും നേതാക്കാള്‍ ഈ സവര്‍ണ്ണ, ആണധികാര വീമ്പിളക്കലുകള്‍ ഉപയോഗിക്കാറുണ്ട്.
  ഈ വിഭാഗങ്ങളൊന്നും വേണ്ടത്ര സാന്നിദ്ധ്യമറിയിക്കാത്ത കാലത്ത് അതാരും വിമര്‍ശന വിധേയമാക്കിയിരുന്നില്ല. എന്നാല്‍ കാലം മാറിയിരിക്കുന്നു.
  എല്ലാ പിന്നാക്ക വിഭാഗങ്ങളും സാന്നിദ്ധ്യവും സ്വാധീന ശക്തിയുമായി മാറിത്തുടങ്ങിയ സമകാലിക സമൂഹത്തില്‍ പുതിയൊരു രാഷ്ട്രീയ സാക്ഷരതയും ഭാഷയും നമ്മുടെ നേതൃത്വങ്ങള്‍ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.
  കക്ഷി രാഷ്ട്രീയത്തിനപ്പുറം ഈ ഒരു രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കാനാണ് ഏറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്ന ഈ രാഷ്ട്രീയ സമരത്തെയും കാണുന്നത്.
  ടിപിയുടെ കൊലപാതകത്തിന് ശേഷം ഞാന്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെതുടര്‍ന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന വേട്ടയാടലുകളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ നമ്മുടെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിന്റെ അവികസിത ജനാധിപത്യേബോധാവസ്ഥയെ തുറന്ന് കാണിക്കുന്നതാണ്. തീര്‍ച്ചയായും നിയമസഭയില്‍ ഉണ്ടായ ഈ വിവാദം എന്നെ കൂടുതല്‍ ആഴത്തില്‍ ഈ അവസ്ഥ ബോധ്യപ്പെടുത്തി എന്ന് മാത്രം.
  ഒപ്പം നിന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്.
  ഈ വിഷയം ഉയര്‍ത്തി തെരുവില്‍ പോരാടിയ സ്ത്രീകളും യുവാക്കളും, രാഷ്ട്രീയപാര്‍ട്ടികളും ഇതര സംഘടനകളുമുണ്ട്. നവമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ശക്തമായ പ്രതികരണം രേഖപ്പെടുത്തിയവരുണ്ട്. നിയമസഭയില്‍ വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷമുണ്ട്. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
  പ്രതിഷേധങ്ങളുടെ ഭാഗമായി ശ്രീ.എം.എം.മണി എംഎല്‍എയ്‌ക്കെതിരെ നടന്ന അപമാനകരമായ ആവിഷ്‌കാരങ്ങളും പരാമര്‍ശങ്ങളുമെല്ലാം ഉത്തരവാദപ്പെട്ടവര്‍ ഒട്ടും താമസമില്ലാതെ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തുവെന്നതിനേയും ഈയൊരു സന്ദര്‍ഭത്തില്‍ കലവറയില്ലാതെ അഭിനന്ദിക്കുകയാണ്.
  തീര്‍ച്ചയായും നിന്ദയ്ക്കും സ്തുതിക്കുമപ്പുറം, തെറിക്കും വെറിക്കുമപ്പുറം,
  നമുക്ക് രാഷ്ട്രീയം പറഞ്ഞ് മുന്നോട്ടുപോകാം., ജനങ്ങള്‍ക്ക് നേരും പതിരുമറിയാന്‍ നിലപാടുകള്‍ സുധീരം ഏറ്റുമുട്ടട്ടെ.
  Published by:Rajesh V
  First published: