തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.
സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ
ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. ഇത്തവണത്തെ മന്ത്രിസഭയിൽ ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ ആരുമില്ല. എന്നാൽ, 1996 മുതൽ 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. രാധാകൃഷ്ണൻ കേരളത്തിലെ മുൻ മന്ത്രിയും സ്പീക്കറും കൂടിയാണ്.
സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,
എം എ ബേബി എന്നിവർ പങ്കെടുത്തു.
80 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ കോവിഡ് വാർഡ് ചോർന്നൊലിക്കുന്ന നിലയിൽ; ദുരിതക്കയത്തിൽ രോഗികൾ
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി പി എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവ് ആയിരുന്നു ശൈലജ ടീച്ചർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.
രണ്ടാം പിണറായി സർക്കാരിലും കെ കൈ ശൈലജ തന്നെ മന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് നടന്നത്.
അതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.
സി പി ഐ നിയോഗിച്ച നാലു പേരും ആദ്യമായാണ് മന്ത്രമാരാകുന്നത്. ഇതിൽ കെ ആർ ഗൗരിയമ്മയ്ക്കു ശേഷം സി പി ഐയിൽ നിന്നും മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ചിഞ്ചുറാണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health minister kk shailaja teacher, Kerala Health Minister KK shailaja, KK Shailaja, KK Shailaja in the photo row, KK shailaja teacher