തിരുവനന്തപുരം: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് വിഷ്ണുനാഥിന്റെ പരാമർശം. ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ സർക്കാർ ഇടപെടണം. കുടുംബം നീതിക്കായി കാത്തിരിക്കുകയാണ്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പ് ഉന്നത പദവിയിൽ നിയമിച്ചിരിക്കുകയാണെന്നും പിസി വിഷ്ണുനാഥ് നിയമസഭയിൽ പറഞ്ഞു.
യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് പി സി വിഷ്ണുനാഥ് വിഷയം സഭയിൽ ചൂണ്ടിക്കാട്ടിയത്. ഇതേസമയം, പി സി വിഷ്ണുനാഥ് പറഞ്ഞതെല്ലാം കേട്ട് ഭാവവ്യത്യാസമില്ലാതെ നിയമസഭയിലെ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ശ്രീറാം വെങ്കിട്ടരാമനും ഉണ്ടായിരുന്നു. കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് സർവ്വീസിൽ തിരികെ എത്തിയത്. ആരോഗ്യമന്ത്രി മാറിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ ഇതേ സ്ഥാനത്ത് തുടരുകയാണ്.
രണ്ട് വർഷം മുൻപ് ഇതേ ദിവസമായിരുന്നു കെഎം ബഷീർ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്.
കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫാ നജീമിനേയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. നരഹത്യ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അപകടം നടക്കുന്നതിന് പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Also Read-
Covid 19| മലപ്പുറത്ത് വീണ്ടും നാലായിരത്തിന് മുകളിൽ രോഗികൾ; 4 ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽരക്തപരിശോധന നടത്താതെ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കേസ് അട്ടിമറിക്കാന്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചതും വിവാദമായിരുന്നു. മാധ്യമ മേഖലയില്‍ നിന്നടക്കമുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്നീട് ശ്രീറാമിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കാറിന്റെ അമിത വേഗവും ഡ്രൈവ് ചെയ്തത് ശ്രീറാം വെങ്കിട്ടരാമനാണെന്ന വിവരവും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തോടെ കുറ്റപത്രത്തിലുണ്ട്. ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്ക്കാന് ശ്രീറാം ശ്രമിച്ചതും വിവാദമായിട്ടുണ്ട്. അതിനിടെ ശ്രീറാം സർവീസിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സ്നേഹിതരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.