പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനും കേരളകോണ്‍ഗ്രസ് എം നേതാവുമായ കെ.എം മാണിയുടെ മൃതദേഹം പാലാ സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയില്‍ സംസ്കരിച്ചു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് പാലായെ സേവിച്ച ജനനായകന് സെമിത്തേരിയിലെ 126-ാം നമ്പര്‍ കല്ലറയിലാണ് അന്ത്യ വിശ്രമം കൊള്ളുക. നാടാകെ ഒഴുകിയെത്തിയ വിലാപയാത്രയ്ക്കൊടുവില്‍ വൈകുന്നേരം 6.30 ഓടെയായിരുന്നു സംസ്കാരം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിലായിരുന്നു അന്ത്യ ചടങ്ങുകള്‍.
കഴിഞ്ഞ രണ്ടുദിവസമായി കേരള മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെ കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികള്‍ മാണിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ ഏഴേകാലോടെയാണ് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ മൃതദേഹമെത്തിക്കുന്നത്. ഇന്നലെ വൈകിട്ട് കൊച്ചില്‍ നിന്നും ആരംഭിച്ച വിലാപയാത്ര അര്‍ധരാത്രിയോടെയാണ് കോട്ടയത്തെ തിരുനക്കര മൈതാനത്തെത്തിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിനു പേര് ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു.
Also Read: പ്രിയ നേതാവിന് ആയിരങ്ങളുടെ യാത്രാമൊഴി; കെ എം മാണി അവസാനമായി തിരുനക്കര മൈതാനത്തേക്ക്രാത്രി വിലാപയാത്ര കടന്നുവരുന്ന വഴിയില്‍ ആയിരങ്ങളാണ് അന്തിമോചാരം അര്‍പ്പിക്കാന്‍ കാത്തിരുന്നത്. ജനബാഹുല്യം മൂലം പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര നീങ്ങിയത്. രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചിരുന്നു. 10.15ഓടെയാണ് പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചത്. അകമ്പടിയായി പൊലീസും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും മകന് ജോസ് കെ മാണി, കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പി ജെ ജോസഫ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Dont Miss: മാണിയെത്തി, കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്വൈകിട്ട് ആറുമണിക്ക് വിലാപയാത്ര കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ മഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, വി.എസ് അച്യുതാനന്ദന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം എത്ര വലുതാണെന്നതിന് തെളിവായിരുന്നു അവസാനമായി ഒരു നോക്കുകാണാന്‍ ആര്‍ത്തിരമ്പിയ ജനാവലി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന കെ.എം മാണി ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.