• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുലിക്കുന്നേലിൽ നിന്ന് മാണിക്ക് കിട്ടിയ പാല; അരനൂറ്റാണ്ടിനുശേഷം മാണിയിൽ നിന്ന് പുലിക്കുന്നേലിലേക്ക്

പാലാ സീറ്റ് മാണിക്ക് ലഭിക്കുന്നതിൽ ജോസഫ് പുലിക്കുന്നേലിന്‍റെ ഇടപെടലുണ്ടായിരുന്നുവെന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു

Anuraj GR | news18-malayalam
Updated: September 2, 2019, 1:26 PM IST
പുലിക്കുന്നേലിൽ നിന്ന് മാണിക്ക് കിട്ടിയ പാല; അരനൂറ്റാണ്ടിനുശേഷം മാണിയിൽ നിന്ന് പുലിക്കുന്നേലിലേക്ക്
കെ.എം മാണി
  • Share this:
അപ്രതീക്ഷിതമായാണ് കെ.എം മാണി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പാലായിലേക്ക് വന്നത്. അതിന് വഴിയൊരുക്കിയതാകട്ടെ പുലിക്കുന്നേൽ കുടുംബാംഗവും. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരനൂറ്റാണ്ടിനുശേഷം മാണിയുടെ പിൻഗാമിയായി ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് തീരുമാനിക്കുമ്പോൾ ഇത്തരമൊരു കൗതുകകരമായ ഒരു ചരിത്രമുണ്ട്

മണ്ഡല പുനർ നിർണയത്തിനു ശേഷം പാലാ മണ്ഡലം രൂപീകൃതമായശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1965ൽ. കേരളാ കോൺഗ്രസിന്റെയും ആദ്യ നിയമസഭാ പോരാട്ടം. അന്ന് മാണിയേക്കാൾ കരുത്തരായ നിരവധി കേരളാ കോൺഗ്രസ് നേതാക്കൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ നിന്നും ഉണ്ടായിരുന്നു. കേരള കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കാൻ ചേർന്ന ഉന്നതയോഗത്തിൽ കൂടുതൽ പേരും പിന്തുണച്ചത് കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകനായ ജോസഫ് പുലിക്കുന്നേലിനെയായിരുന്നു. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതും പാർട്ടി സ്ഥാപക അംഗം കൂടിയായ പ്രൊഫസർ ജോസഫ് പുലിക്കുന്നേൽ ആയിരുന്നു. കോൺഗ്രസ് മുൻജില്ലാ അധ്യക്ഷനും മറ്റൊരു സ്ഥാപക അംഗവുമായ മാത്തച്ചൻ കുരുവിനാക്കുന്നേൽ അന്ന് കോട്ടയം ജില്ലയുടെ ഭാഗമായ ഉടുമ്പഞ്ചോലയിലും ജോസഫ് ചാഴികാടൻ കടുത്തുരുത്തിയിലും മറ്റൊരു നേതാവായ ജെ എ ചാക്കോ അന്നത്തെ അകലക്കുന്നം മണ്ഡലത്തിലും താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ മത്സരിക്കാനില്ലെന്ന് ജോസഫ് പുലിക്കുന്നേൽ യോഗത്തിൽ അപ്രതീക്ഷിതമായി അറിയിച്ചു. ഇതോടെയാണ് ഏറെ കൂടിയാലോചനകൾക്ക് ശേഷം കെ.എം മാണിയെ പാലായിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൽ ജോസഫ് പുലിക്കുന്നേലിന്‍റെ പിന്തുണയും മാണിക്ക് ഉണ്ടായിരുന്നു.

ശക്തമായി എതിർത്ത് പി.ജെ ജോസഫ്; ഒടുവിൽ സ്ഥാനാർഥി പ്രഖ്യാപനം

അന്നത്തെ കോഴിക്കോട് ജില്ലയിൽ പെട്ട കൽപറ്റയിൽ മത്സരിച്ച ജോസഫ് പുലിക്കുന്നേൽ ബി വെല്ലിങ്ടണോട് 6362 വോട്ടിനും മാത്തച്ചൻ കുരുവിനാക്കുന്നേൽ ഉടുമ്പഞ്ചോലയിൽ 1747 വോട്ടിനും പരാജയപ്പെട്ടപ്പോൾ മാണി 9585 വോട്ടിനു വിജയിച്ചു. അങ്ങനെ 1965 മുതൽ 2016 വരെ പാലായുടെ പ്രതിനിധിയായി.

പാലാ സീറ്റ് മാണിക്ക് ലഭിക്കുന്നതിൽ ജോസഫ് പുലിക്കുന്നേലിന്‍റെ ഇടപെടലുണ്ടായിരുന്നുവെന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു. പിന്നീട് ഈ സംഭവങ്ങളെല്ലാം ജോസഫ് പുലിക്കുന്നേൽ തന്‍റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. പിൽക്കാലത്ത് രാഷ്ട്രീയം ഉപേക്ഷിച്ച ജോസഫ് പുലിക്കുന്നേലിന്റെ സഹോദരന്‍റെ മകനാണ് ഇപ്പോൾ പാലായിൽ മത്സരിക്കുന്ന ജോസ് ടോം പുലിക്കുന്നേൽ.
First published: September 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...