കോട്ടയം: കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയില്‍ തുടങ്ങി സ്വന്തം പേരിലുള്ള കേരള കോണ്‍ഗ്രസ് എന്ന പ്രദേശിക രാഷ്ട്രീയപ്പാര്‍ട്ടിയുടെ അമരക്കാരനായി മാറിയെ രാഷ്ട്രീയ നേതാവായിരുന്നു കരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം മാണി. കുഞ്ഞുമാണിയായും പിന്നീട് മാണി സാറായുമുള്ള കെ.എം മാണിയുടെ പരിണാമം കേരള കോണ്‍ഗ്രസിന്റെ മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാണ്.
1959-ൽ കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കെ.എം മാണി ഡി.സി.സി. സെക്രട്ടറിയായിരുന്നു. 1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നേരിടാന്‍ കേരള കോണ്‍ഗ്രസ് കെ.എം.മാണിയെ നിയോഗിച്ചു. അങ്ങനെയാണ് മാണി എന്ന കോണ്ഗ്രസുകാരന് കേരള കോണ്‍ഗ്രസിലെത്തുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ മന്ത്രിസഭ രൂപീകരിച്ചില്ല.
തുടര്‍ന്ന് പാര്‍ട്ടി ഓഫിസിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1975 ലെ അച്ചുതമേനോന് മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം.മാണി ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായി. അടിയന്തരാവസ്ഥകാലത്തെ രാജന് കേസിന്റെ പേരില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി ആഭ്യന്തരമന്ത്രി തുടർന്നു. 1977 ഡിസംബര്‍ 21ന് തെരഞ്ഞെടുപ്പുകേസിനെത്തുടര്ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സെപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി.
1980-ല്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സും ഒപ്പം കൂടി. 1980-ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി. 2015-ല്‍ ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ മാണി തന്റെ 13 -ാംമത്തെ ബജറ്റ് അവതരിപ്പിച്ചു.
Also Read
കെ.എം മാണി അന്തരിച്ചുപിന്നീട് ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ചു. അതോടെ യു.ഡി.എഫുമായി അകന്ന കെ.എം.മാണി 2016 ആഗസ്റ്റ് 8 ന് മുന്നണി വിട്ടു. രണ്ടു വര്‍ഷത്തെ പിണക്കത്തിന് ശേഷം 2018-ല്‍ മാണി യു.ഡി.എഫില്‍ മടങ്ങിയെത്തി. 1965 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഒരു തെരഞ്ഞെടുപ്പിലും കെ.എം.മാണി പരാജയം അറിഞ്ഞിട്ടില്ല. തുടക്കം മുതല്‍ അദ്ദേഹം പ്രതിനിധീകരിച്ചതും പാല നിയോജക മണ്ഡലത്തെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.