കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ അതികായന്, പാലായുടെ സ്വന്തം 'മാണിസാർ' അവസാനമായി തിരുനക്കര മൈതാനത്തേക്ക്. കെ എം മാണിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാത്രി 11.15ന് ഏറ്റുമാനൂരെത്തി. പ്രിയനേതാവിനെ കാണാൻ രാത്രി വൈകിയും തിരുനനക്കര മൈതാനത്ത് ആയിരക്കണക്കിന് പ്രവർത്തകരാണ് കാത്ത് നിൽക്കുന്നത്. കൊച്ചിയില്‍ നിന്നു കോട്ടയത്തേക്കുള്ള വഴിയില്‍ ഇരുവശവും കാത്തുനിന്ന് ആയിരങ്ങളാണ് കെ എം മാണിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. തിരുനക്കര പൊതുദർശനത്തിന് വച്ചശേഷം പാലായിലേക്ക് വിലാപയാത്ര നീങ്ങും.
രാത്രിയിലും ആയിരങ്ങളാണ് വഴിവക്കില്‍ അന്തിമോചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. ജനബാഹുല്യം മൂലം പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര നീങ്ങിയത്. രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. 10.15ഓടെയാണ് പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചത്. അകമ്പടിയായി പൊലീസും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും. ഒപ്പം മകന് ജോസ് കെ മാണി, കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പി ജെ ജോസഫ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍. വഴിവക്കില്‍ ആയിരങ്ങള്‍ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ കാത്തുനിന്നു. കോട്ടയം ജില്ലയില്‍ പ്രവേശിച്ചപ്പോഴേയ്ക്കും റോഡുകള്‍ ജനസമുദ്രമായി.
വൈകിട്ട് ആറുമണിക്കാണ് വിലാപയാത്ര കടുത്തുരുത്തിയില്‍ എത്തിയത്. ഇവിടെ മഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, വി.എസ് അച്യുതാനന്ദന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.30-ടെ കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര രാത്രി ഏറെ വൈകിയേ തിരുനക്കര എത്തൂ. ജനനേതാവിനെ കാണാന്‍ പാലായിലും നൂറുകണക്കിന് പേരാണ് കണ്ണീരോടെ കാത്തുനില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടി കെ എം മാണിയുടെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം എത്ര വലുതാണെന്നതിന് തെളിവാണ് അവസാനമായി ഒരു നോക്കുകാണാന്‍ ആര്‍ത്തിരമ്പുന്ന ജനാവലി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.