• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറം വിഭജിച്ച് പുതിയ ജില്ല ഉണ്ടാക്കണോ? KNA ഖാദർ എം.എൽ.എ പറയുന്നു

മലപ്പുറം വിഭജിച്ച് പുതിയ ജില്ല ഉണ്ടാക്കണോ? KNA ഖാദർ എം.എൽ.എ പറയുന്നു

ജില്ല വിഭജിക്കുക എന്നതിനേക്കാൾ മലപ്പുറം ജില്ലയിലെ ചില താലൂക്കുകൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കുകയെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്'- KNA ഖാദർ പറഞ്ഞു

കെ.എൻ.എ ഖാദർ

കെ.എൻ.എ ഖാദർ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പുതിയ ജില്ല വേണമെന്ന ആവശ്യത്തിന് പിന്നിൽ ചരിത്രപരമായ പല കാര്യങ്ങളും ഉൾക്കൊണ്ടിരിക്കുന്നുവെന്ന് കെ.എൻ.എ ഖാദർ. ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മുസ്ലീം ലീഗിന്‍റെ കൂടി ആവശ്യം പരിഗണിച്ചാണ് അന്നത്തെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനുവേണ്ട നടപടി കൈക്കൊണ്ടത്. അന്ന് മങ്കട എം.എൽ.എയായിരുന്ന അബ്ദുൽ മജീദ് അതിനും എത്രയോ വർഷങ്ങൾക്കുമുമ്പ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. 1956ൽ കേരളം രൂപീകൃതമാകുമ്പോൾ നാല് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് പ്രാദേശികവികസനം കണക്കിലെടുത്ത് ഇപ്പോൾ 14 ജില്ലകൾ വരെയായി. പത്തനംതിട്ടയിൽ ഒരു ജില്ല നൽകിയപ്പോൾ അത് അശാസ്ത്രീയമാണെന്ന് ആരും പറഞ്ഞിരുന്നില്ല. അതുപോലെ മറ്റ് ജില്ലകൾ നൽകിയപ്പോഴും അശാസ്ത്രീയമെന്ന വാദം ആരും ഉയർത്തിയില്ലെന്ന് KNA ഖാദർ പറഞ്ഞു.

    'മലപ്പുറം ജില്ല ഉണ്ടായത് വലിയ മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിച്ചു. അക്ഷയ, കുടുംബശ്രീ പദ്ധതികൾ ആദ്യം തുടങ്ങിയത് മലപ്പുറം ജില്ലയിലാണ്. അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയിയാണ് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത്. അതുപോലെ ഐസിഡിഎസ് പദ്ധതി ആദ്യം കൊണ്ടുവന്നതും മലപ്പുറം ജില്ലയിലായിരുന്നു'- KNA ഖാദർ പറഞ്ഞു.

    മലപ്പുറം വിഭജിക്കേണ്ടതിന്‍റെ ആവശ്യകത എന്ത്?

    'മലപ്പുറം ജില്ല എന്ന ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചിരുന്നുവോ, ജില്ല രൂപീകരിച്ചത് ശരിയായിരുന്നുവെന്നും പിന്നീട് മനസിലായി. അന്ന് മുന്നോട്ടുവെച്ച അതേ ആവശ്യങ്ങൾ ഇപ്പോൾ വീണ്ടും ആവർത്തിക്കേണ്ട സ്ഥിതി വിശേഷം വന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യ മലപ്പുറം ജില്ലയിലാണ്. 2011ലെ കണക്കെടുപ്പ് അനുസരിച്ച് 41 ലക്ഷമായിരുന്നു. ഇപ്പോൾ അത് ഏകദേശം 44 ലക്ഷമെങ്കിലും ആയിക്കാണും. കഴിഞ്ഞ സർക്കാർ പുതിയതായി ചില മെഡിക്കൽ കോളേജ് അനുവദിച്ചിരുന്നു. മലപ്പുറത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കൽ കോളേജ് വന്നു. എന്നാൽ ഇവിടുങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കി നോക്കുമ്പോൾ മലപ്പുറത്തിന് ഒരു മെഡിക്കൽ കോളേജ് മതിയാകില്ല. വികസനപ്രശ്നം മലപ്പുറത്തിന്‍റേത് മത്രമല്ല, മലബാറിലാകെ ഒരു അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്'-KNA ഖാദർ പറഞ്ഞു .

    മലപ്പുറം ജില്ലാ വിഭജന ആവശ്യം; ജില്ലയിലെ യുഡിഎഫ് ബന്ധം ഉലയാൻ സാധ്യത

    'കേരളത്തിൽ ആകെയുള്ള 6000 ട്രാൻസ്പോർട്ട് ബസുകളിൽ 1500 എണ്ണം മാത്രമെ അവിടെ ഓടുന്നുള്ളു. കേരളത്തിൽ ആകെയുള്ള 6-7 ലക്ഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ഒന്നരലക്ഷത്തോളം പേർ മാത്രമാണ് മലബാറിൽനിന്നുള്ളത്. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം മലബാറിൽ ഈ കുറവ് കാണാനാകും. 40000 കുട്ടികൾ പ്ലസ് വൺ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്ന അവസ്ഥയാണ് അവിടെയുള്ളത്. അതേസമയം മറ്റ് പല ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ അധികമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നങ്ങൾ മറികടക്കാൻ ഭരണപരമായ പരിഷ്ക്കാരമെന്ന നിലയിലാണ് പുതിയ ജില്ല എന്ന ആവശ്യം ഉന്നയിച്ചത്. ജില്ല വിഭജിക്കുക എന്നതിനേക്കാൾ മലപ്പുറം ജില്ലയിലെ ചില താലൂക്കുകൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കുകയെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്'- KNA ഖാദർ പറഞ്ഞു.
    First published: