കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ.എൻ.എ ഖാദര്‍. ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കെ.എൻ.എ ഖാദറിനെ മുസ്ലിം ലീഗ് താക്കീത് ചെയ്തിരുന്നു. ഖാദർ നൽകിയ വിശദീകരണം ചർച്ച ചെയ്ത ശേഷം ആണ് നടപടി. ഖാദറിന് വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായതായി വിലയിരുത്തിയ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചു.
കോഴിക്കോട് കേസരിയിൽ നടന്ന " സ്നേഹ ബോധി " പരിപാടിയിൽ കെ.എൻ.എ ഖാദർ പങ്കെടുത്തതാണ് വിവാദങ്ങളുടെ തുടക്കം. ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ഖാദർ പ്രഭാഷണം നടത്തിയത് പാർട്ടിക്ക് ഉള്ളിൽ തന്നെ കടുത്ത വിമർശനം ഉയർത്തി. എന്നാല് ഒരു സാംസ്കാരിക പരിപാടി എന്ന നിലയിൽ ആണ് ഇതിൽ പങ്കെടുത്തത് എന്നും ജഗ്രതക്കുറവിലും സൂക്ഷ്മത കുറവിലും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഖാദർ പാർട്ടിക്ക് വിശദീകരണം നൽകി. ഇത് ചർച്ച ചെയ്ത ശേഷം ആണ് പാർട്ടി ഖാദറിനെ താക്കീത് ചെയ്ത വിവരം വാർത്ത കുറിപ്പ് ആയി പുറത്തിറക്കിയത്. കെ എൻ എ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്‌ചയും ശ്രദ്ധകുറവുമാണെന്ന് നേതൃയോഗം വിലയിരുത്തി.
Also Read- RSS പരിപാടിയിൽ പങ്കെടുത്ത സംഭവം; കെ എൻ എ ഖാദറിന് മുസ്ലീംലീഗിന്റെ താക്കീത്
പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും പാർട്ടി ഖാദറിന് നിർദേശം നൽകി.
ലീഗ് വാർത്ത കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ.
"കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ.കെ എൻ എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു.ഇത് സംബന്ധിച്ച് പാർട്ടി കെ എൻ എ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു.
ഒരു സാംസ്കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെ എൻ എ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്‌ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി.പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന് മറുപടി പറഞ്ഞ കെ.എൻ എ ഖാദർ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെ തുടരുമെന്നും വിശദീകരിച്ചു. " ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പാർട്ടിക്ക് എഴുതി അറിയിച്ചു. അതിലാണ് ഇപ്പൊൾ പാർട്ടി തീരുമാനം . അത് ഞാൻ അംഗീകരിക്കുന്നു. പാർട്ടിയുടെ അച്ചടക്കം ഉള്ള പ്രവർത്തകനായി , ഞാൻ പാർട്ടി നിർദേശം ശിരസാ വഹിക്കുന്നു. ഇനി ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ഇല്ല . ഇനിയും ഇത്തരത്തിൽ ഉള്ള പരിപാടികളിൽ പങ്കെടുക്കുമോ
എന്ന ചോദ്യത്തിന് " പാർട്ടി പറയുന്നത് എല്ലാം ഞാൻ അനുസരിക്കും...തീരുമാനം അംഗീകരിക്കും..." എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kna khader, Muslim league