കോഴിക്കോട്: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ കെഎന്‍എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി. റാലിയ്ക്കിടെ വര്‍ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മു്സ്ലീങ്ങള്‍ ഇത്തരം മുദ്രവാക്യങ്ങളെ ഭയപ്പെടേണ്ടതാണ് അബ്ദുല്‍ മജീദ് പറയുന്നു.
തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വാഴ്ത്തുകയും വിവേകത്തോടെ ജീവിക്കുന്നവരെ പോഴാന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലനമാരെ സമുദായം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദചിന്ത അടിച്ചുകേറ്റാന്‍ ശ്രമിക്കുന്ന സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുല്‍ മജീദിന്റെ പ്രതികരണം.
ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹിയുടെ വാക്കുകള്‍
തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ?
ആലപ്പുഴയില്‍ ആ കൊച്ച് വായില്‍ ഒതുങ്ങാത്ത വര്‍ഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ. പയ്യനെ എത്രത്തോളം വര്‍ഗ്ഗീയത കുടിപ്പിച്ചു കാണും, ഇങ്ങനെ ഓക്കാനിക്കാന്. അതിലും വലിയ ഉഡായിപ്പുകളെല്ലാം യവന്മാര് പുറത്തെടുക്കും. എഴുതികൊടുക്കുന്ന മുദ്രാവാക്യവും പഠിപ്പിച്ചു ,പരിശീലിപ്പിക്കുന്ന മുദ്രാവാക്യവുമുണ്ടാകും.
ഒരു സമുദായത്തിനെ അളക്കാനുള്ള അളവുകോല്‍ ഇനി ഈ പയ്യനും അവനെ ചുമക്കുന്നവരുമായിരിക്കുമോ?. കുട്ടി വെറുതെ പറയില്ല. യൂ ട്യൂബില്‍ അന്വേഷിച്ചാല്‍ ലബനോന്‍ ഹിസ്ബുല്ലയുടെ റാലി കാണാം. കുഞ്ഞുങ്ങള്‍ ചൂടന്‍ മുദ്രാവാക്യം വിളിച്ചു കൊടി വീശി ശ്രദ്ധാകേന്ദ്രമാകുന്നു.കോപ്പി അടിക്കുമ്പോള്‍ എല്ലാം വേണമല്ലോ.
പ്രകടനങ്ങളില്‍ കുഞ്ഞുങ്ങളെ ചുമന്ന് ആവേശം കൊള്ളിക്കുന്നത് പുതുമയൊന്നുമല്ല.ഇത്ര കഷ്ടപ്പെട്ട് തന്നെ പച്ച വര്‍ഗീയത പറയണോ? വല്ലാതെ നാവ് കഴപ്പുണ്ടെങ്കില് എന്തിനാ ഈ കുഞ്ഞിനെ കൊണ്ട് പാപഭാരം എടുപ്പിക്കുന്നത്.കേരളത്തിലെ മുസ്ലിംകളാണ് ഇജ്ജാതി മുദ്രാവാക്യങ്ങളെ ആദ്യം ഭയപ്പെടേണ്ടത്.
നമ്മുടെ മക്കളുടെ മസ്തിഷ്കത്തിലേക്കു തീവ്രവാദചിന്ത അടിച്ചുകേറ്റാന്‍ ശ്രമിക്കുന്ന സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണം. കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ ഭീരുക്കളാണ്. തെക്കന്‍ ജില്ലകളിലെ മഹല്ല് ജമാഅത്തുകളില്‍ നുഴഞ്ഞു കയറി പൊതുസ്വീകാര്യത നേടി 'ഫ്രണ്ടിനെ' വാഴ്ത്തുന്ന 'ഖാസിമിമാരെ' തിരിച്ചറിയാന്‍ ഇനിയും സാധിക്കുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ തോളില്‍ നിന്നും മരം കയറി ഇമ്മാതിരി വര്‍ഗ്ഗീയത ഇനിയും നീട്ടി തുപ്പും.
മുസ്ലിം ന്യുന പക്ഷം നേരിടുന്ന പ്രശ്നങ്ങളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു ,പയ്യെ തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ധീരന്മാരായി വാഴ്ത്തുകയും വിവേകത്തോടെ ജീവിക്കുന്ന മുസ്ലിംകളെയും പോഴന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലാനമാരെ സമുദായം തിരിച്ചറിയണം.ഇന്ത്യയിലെ മുസ്ലിംകളുടെ സ്വാസ്ഥ്യം കെടുത്തുന്ന, അവരെ നാശത്തിലേക്ക് തള്ളുന്ന മിലിറ്റന്റു ഗ്രൂപ്പുകളെ നിലക്ക് നിര്‍ത്താന്‍ വിവേകമതികള്‍ ഒന്നിച്ചു നിന്നാല്‍ മാത്രം മതി.
ഫാഷിസത്തെ പിടിച്ചു കെട്ടാന്‍ തീവ്രവാദം തോളിലേറ്റണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവരെക്കാള്‍ വിവരദോഷികള്‍ മറ്റാരാണ്. തീവ്രവാദത്തെ മുസ്ലിങ്ങളുടെ മുതുകില്‍ കയറ്റിവെക്കാന്‍ കാത്തിരിക്കുന്നവര്‍ക്കു വലിയ പ്രോത്സാഹനമാണ് തോളില്‍ കയറി ഈ കുട്ടി തുപ്പിയ വര്ഗ്ഗീയഭീഷണി.
കുഞ്ഞുങ്ങളെ തോളിലേറ്റി നാടിന്റെ സമാധാനം കളഞ്ഞ സിറിയക്കാരും യമനികളും ലബനോനികളും ഇറാഖികളും ഇപ്പോള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും സമാധാനമില്ലായ്മയും ഇന്ത്യയിലെ മുസ്ലിങ്ങള്‍ കണ്ണുതുറന്നു കാണുക. തീവ്രവാദികളെ തോളില്‍ കയറ്റുന്നവര്‍ ഖേദിക്കേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KNM, Popular front of India, Sdpi