പെരിന്തൽമണ്ണ: ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദീ മുന്നേറ്റം എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന് ഉജ്ജ്വല തുടക്കം. പെരിന്തൽമണ്ണയിൽ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറിൽ നടന്ന സമ്മേളനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉൽഘാടനം ചെയ്തു. സമൂഹത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ആത്മീയ ചൂഷണങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുന്നത് കൊണ്ടു മുജാഹിദ് പ്രസ്ഥാനത്തെ ചിലർ ഇകഴ്‌ത്താൻ ശ്രമിക്കുകയാണെന്നു അബ്ദുല്ല കോയ മദനി പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനം പകൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടു പ്രസ്ഥാനത്തെ ഇകഴ്‌ത്താൻ ശ്രമിക്കുന്നവർ കാര്യങ്ങൾ പഠിക്കണമെന്നും ടി പി പറഞ്ഞു. മുജാഹിദ് സമ്മേളനം സമൂഹത്തിൽ വലിയ ചർച്ചയായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനം ആശയ സംവാദ വേദിയാണ്. മുജാഹിദ് പ്രസ്ഥാനം അതിന്റെ നയനിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ ചൂഷണങ്ങൾക്കെതിരെ മതവും നിറവും നോക്കാതെ രംഗത്ത് വരണം. നിലവിലുള്ള നിയമങ്ങളുടെ പഴുതുകൾ അടയ്ക്കണം. ചൂഷകർക്കു കൂടുതൽ ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങൾ കാല താമസം കൂടാതെ കൊണ്ടുവരണം. ചൂഷണങ്ങളെ സംരക്ഷിക്കുന്നവർ മതം കൊണ്ട് കച്ചവടം ആഗ്രഹിക്കുന്നവരാണ്. മതത്തിന്റെ പേരിലെ ചൂഷണങ്ങളും അതിനു വേണ്ടിയുള്ള ദുർവ്യഖ്യാനവുമാണ് മതത്തെ പരിഹസിക്കുന്നവർ ദുരുപയോഗം ചെയ്യുന്നതെന്ന് മനസ്സിലാക്കണം. ആത്മീയ ചൂഷണങ്ങൾ കൊലയിലേക്കും അക്രമത്തിലേക്കും നീങ്ങുന്ന സാഹചര്യം അങ്ങേയറ്റം അപലപനീയമാണ്. ആത്മീയത വഴി തെറ്റി തീവ്ര ആശയങ്ങളിലേക്കു പോകുന്നത് കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയതയുടെ പേരിൽ നാടുവിട്ടവരെല്ലാം ഇന്ത്യയാണ് ഏറ്റവും പ്രബോധന സ്വാതന്ത്ര്യമുള്ള രാജ്യമെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നും ടി പി പറഞ്ഞു. ആത്മീയ ചൂഷണങ്ങൾക്കെതിരെ പണ്ഡിതർ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ ചൂഷണങ്ങൾക്കെതിരെ മഹല്ല് തലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു.
മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ ഘടകങ്ങളും അടുത്ത മൂന്നു മാസം ആത്മീയ ചൂഷണങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ടു പോകും.
മതം പറഞ്ഞുകൊണ്ട് മനുഷ്യരെ കബളിപ്പിക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നിരന്തരമായി നടക്കേണ്ടതുണ്ട്.
ആത്മീയതട്ടിപ്പുകൾ നടത്തുന്നവരെ സമൂഹത്തിൽ വെളുപ്പിച്ചെടുക്കുവാനുള്ള ആസൂത്രിതമായി ശ്രമം നടക്കുകയാണ്. കപട ആത്മീയ കേന്ദ്രങ്ങളിലേക്ക് അറിവില്ലാത്ത ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി അവരുടെ അഭിമാനവും സമ്പത്തും കവർന്നെടുക്കുന്ന അത്യന്തം അപലപനീയമായ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള ക്യാംപയിന് ഏറെ പ്രസക്തിയുണ്ട്. ആത്മീയ ചൂഷണങ്ങൾക്കു ന്യായം ചമക്കാൻ നുണപ്രചാരണം നടത്തുന്ന രീതി തുറന്നു എതിർക്കേണ്ടതുണ്ട്.
മതം ദുർവ്യഖ്യാനം ചെയ്ത് ആത്മീയ ചൂഷണങ്ങൾക്കു തെളിവ് ഉണ്ടാക്കുന്നവരെ തുറന്ന് കാട്ടണം. അന്ധവിശ്വാസങ്ങളുടെയും അത്യാചാരങ്ങളുടെയും പേരിൽ മനുഷ്യരെ
കബളിപ്പിക്കുകയും നരബലിയിലേക്ക് വരെ എത്തുന്ന സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കാമ്പയിനിന് ഏറെ പ്രാധാന്യമുണ്ടെന്നും കെ എൻ എം പ്രസിഡന്റ് പറഞ്ഞു.
ആത്മീയചൂഷണങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം നടത്തുന്നതു ഉൾപ്പെടെ സമൂഹത്തിൽ ബോധവൽക്കരണം അനിവാര്യമാണ്. മതപണ്ഡിതർ, മഹല്ല് നേതാക്കൾ പൊതുപ്രവർത്തകർ, സാമൂഹ്യ സംഘടനകൾ എന്നിവയുമായി ചേർന്നുകൊണ്ട് ആത്മീയ ചൂഷണങ്ങൾ തടയാൻ മഹല്ല് തലങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിക്കും. കേരളത്തിലെ പ്രധാന നഗരങ്ങളിൽ പൊതുപ്രഭാഷണങ്ങൾ സംഘടിപ്പിക്കും. മഹല്ല് തലങ്ങളിൽ ജാഗ്രത സമ്മേളനങ്ങൾ നടത്തും. ആത്മീയചൂഷണങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന വീഡിയോകൾ പ്രദർശിപ്പിക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജനങ്ങളെ ഉണർത്തുവാൻ വേണ്ടി പ്രാദേശിക സമിതികൾക്കു രൂപം നൽകും.കാമ്പയിൻ കാലയളവിൽ
വിവിധങ്ങളായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
പോഷകഘടകങ്ങളായ ഐ എസ് എം, എം എസ് എം, എം ജി എം, ഗൾഫ് ഇസ്‌ലാഹി സെന്ററുകൾ എന്നിവ കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി, പി പി ഉണ്ണീൻ കുട്ടി മൗലവി, നൂർ മുഹമ്മദ് നൂർഷ, ഡോ ഹുസൈൻ മടവൂർ, എൻ വി അബ്ദുറഹ്മാൻ, ഹനീഫ് കായക്കൊടി ,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ പി പി അബ്ദുൽ ഹഖ്,അബ്ദുസ്സമദ്, ഡോ.സുൽ ഫിക്കർ അലി, അഹ്‌മദ് അനസ് ,ശരീഫ് മേലെതിൽ,സുഹ്ഫി ഇമ്രാൻ ,പി കെ അബ്ദുല്ല ഹാജി,എൻ കുഞ്ഞിപ്പ മാസ്റ്റർ, ടി.യൂസുഫലി സ്വലാഹി എന്നിവർ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.