കോഴിക്കോട്: പരിശുദ്ധ റമദാനിൽ നേടിയെടുത്ത ആത്മസംസ്കരണത്തിന്റെ ഫലങ്ങൾ വരും ദിനങ്ങളിൽ ജീവിതത്തിൽ ജ്വലിച്ചു നിൽക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ അറിയിച്ചു.
ആത്മീയമായി നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും
വ്യാപിക്കണം. പരീക്ഷണങ്ങൾക്ക് നടുവിലാണ് മുസ്ലീങ്ങൾ പെരുന്നാൾ ആഘോഷിക്കുന്നത്.
ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിൽ ജൂതസൈന്യം കാട്ടി കൊണ്ടിരിക്കുന്ന ക്രൂരത മുസ്ലിം ലോകത്തെ ഏറെ വേദനിപ്പിക്കുന്നു. വലിയ പ്രയാസങ്ങളുടെ കയങ്ങളിൽ മുങ്ങി പോയ ഫലസ്തീൻ ജനതയെ ഈദ് ദിന പ്രാർത്ഥനയിൽ ഓർക്കണം .
നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങളെ വെറുക്കാനും
യുദ്ധരാഷ്ട്രീയത്തിന് തടയിടാനും വിവേകമതികൾ രംഗത്ത് വരേണ്ടതുണ്ട്
നമ്മുടെ രാജ്യത്ത് ഫാസിസ്റ്റുകൾ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി വലിയതോതിലുള്ള ഉള്ള വംശീയ അതിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അവരുടെ വീടും സ്വത്തും ബുൾഡോസറുകൾ വച്ച് തച്ചുതകർക്കുന്ന അത്യന്തം ദയനീയമായ കാഴ്ചകളാണ് പലസംസ്ഥാനങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് .
ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്നും വരുന്ന വാർത്തകൾ നമ്മുടെ രാജ്യത്തിന്റെ യശസ്സിനും പെരുമക്കും ചേർന്നതല്ലെന്ന് അധികാരികൾ മനസ്സിലാക്കേണ്ടതുണ്ട്.
വെറുപ്പിന്റെ ബുൾഡോസറുകൾ
രാജ്യത്തിന് ഭീഷണിയായി നിലകൊള്ളുകയാണ്
.മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹവുമായി ചേർന്നുനിന്നുകൊണ്ട് മുന്നേറേണ്ടതുണ്ട് . എല്ലാ കാലവും അധികാരത്തിന്റെ ബലത്തിൽ ഈ രാജ്യത്തിന്റെ പ്രധാന ന്യൂനപക്ഷമായ മുസ്ലീങ്ങളെ വംശീയമായി ഉൻമൂലനം ചെയ്യുവാനുള്ള ശ്രമങ്ങൾ നടക്കുമെന്ന് ആരും കരുതേണ്ടതില്ല വീടും നാടും നഷ്ടപ്പെട്ട, നിരാലംബരായി കഴിയുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥനകൾ നടത്തേണ്ടതുണ്ട്.
വർഗീയ ഫാസിസ്റ്റ് ശക്തികൾ അവരുടെ അജണ്ടകൾ എങ്ങനെയെങ്കിലും നടപ്പിലാക്കാൻ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനു സഹായകമാകുന്ന വിവേകരഹിതമായ പ്രവർത്തനങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ എടുത്തുചാട്ടവും ഫാസിസ്റ്റുകൾക്ക് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഉള്ള ഇന്ധനം നൽകുകയാണ് എന്നോർക്കണം. പരസ്പരം കൊന്നും കൊല വിളിച്ചു ഒന്നും നേടാൻ കഴിയില്ല. സ്വസ്ഥതയും സമാധാനവും തകരുന്നത് മാത്രമായിരിക്കും ഫലം. മതത്തിന്റെ പേരിൽ സായുധ സംഘങ്ങൾ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ ഒറ്റപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്. മനുഷ്യരുടെ ചോര കൊണ്ട് കളിക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
സായുധ സംഘങ്ങൾ കൊലക്കു പകരം കൊല നടപ്പിലാക്കുമ്പോൾ
നമ്മുടെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകരുകയും വർഗീയ കലാപത്തിനു കാരണമാകുകയും ചെയ്യും.
വർഗീയതയുടെ വിത്ത് ഇടുന്നവർ ഏറെ കരുതേണ്ടതുണ്ട് .മതങ്ങൾ തമ്മിൽ കലാപം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ വർഗീയത പടർന്നാൽ അതിനെ തടയാൻ എളുപ്പമല്ലെന്ന കാര്യം ഓർക്കണം. അതുകൊണ്ട് വർഗീയതക്കും തീവ്രവാദ ചിന്തകൾക്കു മെതിരെ ശക്തമായ ബോധവൽക്കരണം നടത്തി കൊണ്ടേയിരിക്കണം. മതത്തിന്റെ പേരിൽ സംഘടിച്ച സായുധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ എങ്ങനെയും എതിർത്തു തോൽപ്പിക്കാൻ സമൂഹം മുന്നോട്ടു വരണം. ഇത്തരം തീവ്ര ഗ്രൂപ്പുകൾ വളർന്നു വരുമ്പോൾ മുസ്ലിംന്യൂനപക്ഷത്തിന് തന്നെയായിരിക്കും അത് ഏറ്റവും വലിയ ഭീഷണിയായി മാറുക.
Eid ul Fitr | ഈദ് സമത്വത്തിന്റെ ആഘോഷം; നീതി നിഷേധിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക: സാദിഖലി തങ്ങൾ
വർഗീയത പടർന്നു കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാൻ തീവ്ര ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
പെരുന്നാൾ സുദിനത്തിൽ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ തയ്യാറാവണം. സൗഹൃദവും സ്നേഹവും തിരിച്ചുപിടിക്കാൻ എല്ലാ അർത്ഥത്തിലുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. ആഘോഷങ്ങൾ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങളാണ്. സമൂഹത്തിൽ വിഭാഗീയചിന്ത വളരാതിരിക്കാൻ ജാഗ്രതയോടെ വിശ്വാസികൾ മുന്നോട്ടു നീങ്ങണമെന്നും കെ എൻ എം ആവശ്യപ്പെട്ടു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KNM