• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോട്ടയം പാസ്പോർട്ട് കേന്ദ്രം നിര്‍ത്തിയതിൽ രാഷ്ട്രീയ പോര്; 'റോഡിൽ വാഹനം പോകുമ്പോൾ കെട്ടിടം കുലുങ്ങുന്നുവെന്ന് പരാതി'

കോട്ടയം പാസ്പോർട്ട് കേന്ദ്രം നിര്‍ത്തിയതിൽ രാഷ്ട്രീയ പോര്; 'റോഡിൽ വാഹനം പോകുമ്പോൾ കെട്ടിടം കുലുങ്ങുന്നുവെന്ന് പരാതി'

കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്നാണ് കേന്ദ്രം അടച്ചതെന്ന് അധികൃതർ പറയുന്നു

 • Share this:

  കോട്ടയം: നാഗമ്പടത്തെ പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതിൽ വിവാദം പടരുന്നു. കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്നാണ് കേന്ദ്രം അടച്ചതെന്ന് അധികൃതർ പറയുന്നു. സേവാകേന്ദ്രം അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസും സിപിഎമ്മും മാർച്ച് നടത്തി. സേവാകേന്ദ്രത്തിൽ സ്ട്രക്ചറൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കെട്ടിടത്തിനു ബലക്ഷയമില്ലെന്നു കാണിച്ച് ഉടമ ഉഴവൂർ സ്വദേശി സ്റ്റീഫൻ ജോസഫ് നൽകിയ പരാതിയിലാണു നടപടി.

  പരാതിയിൽ സൂപ്പർ ഫാസ്റ്റ് നടപടി

  പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ടാറ്റാ കൺസൽറ്റൻസി സർവീസിന്റെ (ടിസിഎസ്) സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് കെട്ടിടം പരിശോധിക്കാനെത്തിയത്. 12 വർഷമായി കുഴപ്പമില്ലാതിരുന്ന കെട്ടിടം പെട്ടെന്നൊരു ദിവസം അടച്ചിട്ടതിനു പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്നു സ്റ്റീഫൻ ആരോപിക്കുന്നു.

  കറുകച്ചാൽ സ്വദേശിയെക്കൊണ്ട് തിങ്കളാഴ്ച അധികൃതർ പരാതി എഴുതി വാങ്ങിപ്പിച്ചെന്നും ഒറ്റ ദിവസത്തിനുള്ളിൽ പരാതി കൊച്ചിയിലേക്കും അവിടെ നിന്നു ഡൽഹിയിലേക്കും എത്തിയെന്നും അദ്ദേഹം ആരോപിച്ചു

  ‘ഭൂമി കുലുങ്ങുന്നതുപോലെ തോന്നി’

  നാഗമ്പടത്ത് കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബീമുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. തൊട്ടുമുന്നിലെ എംസി റോഡിലൂടെ ഭാരമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കെട്ടിടം കുലുങ്ങുന്നുവെന്നാണ് കണ്ടെത്തൽ. കറുകച്ചാൽ എഴുമാവിൽ ശ്രീരാഗ് എസ് നായർ ആണ് പാസ്പോർട്ട് ഓഫീസിന് ബലക്ഷയമുണ്ടെന്ന് പരാതി നൽകിയത്

  Also Read- കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി

  ”തിങ്കളാഴ്ച ഉച്ചയ്ക്ക് (ഫെബ്രുവരി 13 ) പാസ്പോർട്ട് എടുക്കാനായാണ് എത്തിയത്. നൂറിലേറെപ്പേർ ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഒന്നാമത്തെ നിലയിൽ വിരലടയാളമടക്കമുള്ളവ രേഖപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു. 2.35ന് കുലുക്കം അനുഭവപ്പെട്ടു. ഞാൻ ഇരുന്ന കസേര ഇളകി. ചുറ്റുമുള്ള എല്ലാവരും ചാടിയെഴുന്നേറ്റു”- ശ്രീരാഗ് പറയുന്നു.

  ബദൽ സംവിധാനം

  സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം  ഫെബ്രുവരി 16 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ടി ആര്‍ അറിയിച്ചിരുന്നു.

  കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാല്‍, പി സി സി അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

  പ്രതിഷേധവുമായി ജോസ് കെ മാണി

  കേന്ദ്രം മാറ്റാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നു ജോസ് കെ.മാണി എംപി. വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തും കോട്ടയത്തും രണ്ട് പാസ്പോർട്ട് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ 2010ൽ  കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ ആരംഭിച്ചപ്പോൾ ജില്ലയ്ക്കു പ്രഥമ പരിഗണന ലഭിക്കുകയും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ രണ്ട് സേവാകേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്തു. പ്രവർത്തനം പെട്ടെന്നു നിർത്തിയത് ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കലാണ്. നഗരത്തിൽ തന്നെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി പുനരാരംഭിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

  സമരപരിപാടികൾ സംഘടിപ്പിക്കും: മന്ത്രി വി എൻ വാസവൻ

  പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു

  കോട്ടയത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  നിലവിലുള്ള കെട്ടിടത്തിന് ഏതെങ്കിലും തകരാർ ഉണ്ടെങ്കിൽ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നില നിർത്താനായി കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ക്രമീകരിച്ച് നൽകാൻ തയാറാണെന്ന് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. യാതൊരു കാരണവശാലും പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

  ‘പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണം’: തോമസ് ചാഴിക്കാടൻ

  കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്ന്  കോട്ടയം എംപി തോമസ് ചാഴിക്കാടൻ. ഡൽഹിയിൽ  ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ കണ്ട് അദ്ദേഹം ആവശ്യം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് കത്തു നല്‍കി.

  ‘കേന്ദ്രം മാറ്റുന്നതിന് നീക്കം നടത്തിയവരെ കുറിച്ച് അന്വേഷിക്കണം’: സജി മഞ്ഞക്കടമ്പിൽ

  വിള്ളൽ ഉണ്ടെന്നും സുരക്ഷ ഭീഷണി ഉണ്ടെന്നും വരുത്തി ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും  കേന്ദ്രം മാറ്റുന്നതിന് നീക്കം നടത്തിയവരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടത്തിന്ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടെങ്കിൽ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സ്ഥലത്തേക്ക് നീക്കുന്നതിനെ എതിർക്കില്ല എന്നും സജി പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് 9 കോടി രൂപ ചിലവ് വരുമെന്ന് കണക്ക് ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു.

  Also Read- ‘കെട്ടിടത്തിന് സുരക്ഷാഭീഷണി; കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത് താൽക്കാലിക നടപടി’; വി.മുരളീധരൻ

  അപേക്ഷകരെത്തുന്നു

  കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 16 ന് നിർത്തിയതറിയാതെ പിറ്റേന്നും അപേക്ഷകരെത്തി. കോട്ടയം ജില്ലയ്ക്കു പുറമേ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുമായി ദിവസേന 600 അപേക്ഷകരാണ് സാധാരണ നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്താറുള്ളത്. ബുധനാഴ്ചയാണ് ഓഫീസ് അടച്ചത്.

  Published by:Rajesh V
  First published: