നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോവിഡിനും മേലെ പറന്ന് കൊച്ചി വിമാനത്താവളം; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി മൂന്നാമത്

    കോവിഡിനും മേലെ പറന്ന് കൊച്ചി വിമാനത്താവളം; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി മൂന്നാമത്

    2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാര്‍ കടന്നുപോയി.

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുകയാണ്. ജൂണ്‍മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലിധികം വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആദ്യമായാണ് കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്.

    2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാര്‍ കടന്നുപോയി. ഇതോടെയാണ് കൊച്ചി വിമാനത്താവളം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ 1,38,625 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി. ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി. ജനുവരി-മെയ് മാസങ്ങളില്‍ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്.

    മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാന്‍ കഴിയുന്ന സ്ഥലം എന്ന നിലയ്ക്ക് കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് വ്യക്തമാക്കി. 'വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ആര്‍.ടി-പി.സി.ആര്‍ പരിശോധന ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം, റവന്യു, പോലീസ്, ആരോഗ്യ വകുപ്പുകളുടെ ഏകോപിത സംവിധാനം വിമാനത്താവളത്തില്‍ പ്രവര്‍ത്തിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ സിയാല്‍ ശ്രദ്ധ പതിപ്പിച്ചു. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് ബാഗേജ് അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രണ്ടു ടെര്‍മിനലുകളിലും സിയാല്‍ സ്ഥാപിച്ചു. യു.എ.ഇ യിലേയ്ക്ക് പോകാനിരിക്കുന്ന യാത്രക്കാര്‍ക്കായി ദ്രുത കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും സിയാലിന് കഴിഞ്ഞു'- സുഹാസ് പറഞ്ഞു.

    സംസ്ഥാന സര്‍ക്കാരിന്റേയും ഡയറക്ടര്‍ബോര്‍ഡിന്റേയും നിര്‍ദേശപ്രകാരം കൊച്ചി വിമാനത്താവളത്തില്‍ ട്രാഫിക് പുരോഗതി ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് യു.എ.ഇയിലേയ്ക്ക് പോകാനിനിരിക്കുന്ന യാത്രക്കാര്‍ക്കായി ദ്രുത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ കേന്ദ്രം കഴിഞ്ഞയാഴ്ച തുടങ്ങിയത്. എയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായി മാനേജിങ് ഡയറക്ടര്‍ ചര്‍ച്ചനടത്തുകയും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ട്രാഫിക് വളര്‍ച്ച ഉള്‍ക്കൊള്ളത്തക്കവിധം സന്നാഹങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുരോഗതി സിയാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് മുവായിരത്തോളം പേരാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നുപോയത്. ജൂണ്‍ 30 ന് 7012 പേര്‍ യാത്രചെയ്തു. രണ്ടര ഇരട്ടിയോളം വര്‍ധനവ്. ജൂണ്‍ മാസത്തില്‍ മൊത്തം 1.43 ലക്ഷം പേര്‍ യാത്രചെയ്തു. കോവിഡ് പൂര്‍വ ഘട്ടത്തില്‍ പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നു.
    Published by:Sarath Mohanan
    First published:
    )}