കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ (Ernakulam District Panchayat) നേതൃത്വത്തിൽ ഹീമോഫീലിയ (Hemophilia) രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളിൽ രക്തസ്രാവമുള്ളവർ, അംഗവൈകല്യമുള്ളവർ എന്നിവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹീമോഫീലിയ രോഗികളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധ കുത്തിവയ്പായ എമിസിസുമാബ് നൽകാനും പദ്ധതി മൂലം കഴിയുന്നു. അറുപതിനായിരം രൂപ ചെലവ് വരുന്ന തൊലിക്കടിയിൽ നൽകുന്ന ഇൻസുലിൻ പോലുള്ള കുത്തിവയ്പാണ് ഇത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ പദ്ധതി വരുന്നത്. 1.2 കോടി രൂപയാണ് ഈ വർഷത്തിൽ മാത്രമായി ജില്ലാപഞ്ചായത്ത് വിനിയോഗിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുന്ന വൈകല്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ഹീമോഫീലിയ രോഗികൾക്ക് ഈ പദ്ധതി മൂലം സഹായം ലഭിക്കും.
ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെൻറ് സെന്ററിന്റെ എട്ടാം വാർഷികദിനത്തിൽ അൻവർ സാദത്ത് എം.എൽ.എയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും 2015ൽ സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എറണാകുളം ജില്ലാ പഞ്ചായത്താണ്. കഴിഞ്ഞ വർഷം മുതൽ സംസ്ഥാന സർക്കാർ ഈ പദ്ധതി ഏറ്റെടുക്കുകയും മറ്റ് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുകയും ചെയ്തു.
ശരീരത്തിൽ രക്തം കട്ട പിടിക്കാതെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇത്തരത്തിൽ സന്ധികളിൽ ഉണ്ടാകുന്ന രക്തസ്രാവം വികലാംഗത്വത്തിന് കാരണമാകും. രോഗികൾക്ക് ഫാക്ടർ നൽകിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. ഹീമോഫീലിയ രോഗികളുടെ മരുന്നുകൾക്ക് ഉയർന്ന വിലയാണ് നല്കേണ്ടിവരുന്നത്. കേരളത്തിലെ ഏക ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററാണ് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോ: നീരജ് സിദ്ധാർത്ഥ്, ഡോ: രമ ജി., ഡോ: ഗീത, ഡോ: ഷിജി ഫ്രാൻസിസ് എന്നിവർ സന്നദ്ധ പ്രവർത്തനത്തിലൂടെ എല്ലാ ശനിയാഴ്ചയും സെന്ററിലെത്തി രോഗികൾക്ക് സൗജന്യസേവനം നൽകി വരുന്നു. ഡോ: എൻ. വിജയകുമാറാണ് സെന്ററിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: പ്രസന്നകുമാരിയുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് നടപ്പിലാക്കുന്നത്. ഹീമോഫീലിയ രോഗികൾക്കായുള്ള അക്വാറ്റിക് പൂൾ ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്.
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായി മാറുന്ന മുറയ്ക്ക് അക്വാറ്റിക് പൂൾ ഹീമോഫീലിയ രോഗികൾക്ക് തുറന്ന് കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
Summary: Ernakulam district panchayat becomes the first in the state to offer free treatment to hemophilia patients aged above 18. The programme was officially announced the other dayഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.