കൊച്ചി: കോവിഡ് 19 (Covid 19) മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കുന്ന എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ വേഗത്തിലാക്കുവാന്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിർദ്ദേശം നല്‍കി. എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് ഇനിയും അപേക്ഷിക്കുവാനുള്ളവര്‍ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ നല്‍കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ എല്ലാവിധ സഹായങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ 6198 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതില്‍ 3900 അപേക്ഷകള്‍ മാത്രമാണ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിനു ലഭിച്ചത്. അടുത്ത രണ്ടുദിവസത്തനകം 100 ശതമാനം പേരെക്കൊണ്ടും എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കൂടുതല്‍ പേരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിന് വാര്‍ഡ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ വില്ലേജ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. അപേക്ഷിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യമായ സഹായം നല്‍കണം. എക്‌സ്‌ഗ്രേഷ്യ ധനസഹായം ആവശ്യം ഇല്ലാത്തവര്‍ ഉണ്ടെങ്കില്‍ അക്കാര്യം അവരില്‍ നിന്ന് എഴുതിവാങ്ങണം.
ലഭിച്ച അപേക്ഷകളില്‍ ചെറിയ കാര്യങ്ങളുടെ പേരില്‍ അപേക്ഷ മാറ്റിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യരുത്. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല. പോര്‍ട്ടലില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കുക. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായും നിര്‍ബന്ധിക്കേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയാകും. കൂടാതെ വാര്‍ഡ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ അനന്തരവകാശികളെകുറിച്ച് വിവരം അറിയാം.
എക്‌സ്‌ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാന്‍ കോവിഡ് മരണം സംഭവിച്ചരുടെ അടുത്ത ബന്ധുക്കളെ നെഹ്‌റു യുവ കേന്ദ്ര വാളന്റിയര്‍മാരുടെ സഹായത്തോടെ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് പോസിറ്റീവായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു ജില്ലയില്‍ രണ്ടു സെന്ററുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗത്തോട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിർദ്ദേശിച്ചു.
ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡയാലിസിസിനു പ്രത്യേക സംവിധാനമൊരുക്കാന്‍ നിർദ്ദേശിക്കുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
ആശുപത്രികളില്‍ മറ്റ് ചികിത്സകള്‍ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഐസിഎംആര്‍ ഗൈഡ്‌ലൈന്‍ ആശുപത്രികള്‍ പാലിക്കണം. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തും.
ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ചാണു ജില്ലകളുടെ കാറ്റഗറി തീരുമാനിക്കുന്നത്. നിലവില്‍ എറണാകുളം ജില്ല ബി കാറ്റഗറിയിലാണ്. ജില്ല സി കാറ്റഗറിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
നിലവില്‍ താലൂക്ക് ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ പ്രത്യേകമായി സജീകരിച്ചിട്ടുണ്ട്. മൂന്നു നഗരസഭകളിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ (ഡിസിസി) തുടങ്ങും. ഇതിനായി സെന്ററുകള്‍ കണ്ടെത്തിവയ്ക്കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ (ഡിഡിപി)ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ തുടങ്ങുന്നതു സംബന്ധിച്ചും വാര്‍ഡ്തല കമ്മിറ്റി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) എന്നിവ ശക്തപ്പെടുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
ആര്‍ആര്‍ടി, വാര്‍ഡ് തല കമ്മിറ്റികള്‍ സജീവമാക്കുന്നതിനും ഡിഡിസികള്‍ ആരംഭിക്കുന്നതിനും മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിർദ്ദേശിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ എന്നിവ വേഗത്തിലാക്കുവാനും കളക്ടര്‍ നിർദ്ദേശിച്ചു.
താലൂക്കുകളില്‍ കോവിഡിനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ: വി. ജയശ്രീ അറിയിച്ചു. മട്ടാഞ്ചേരി ആശുപത്രി കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് വേണ്ടി മാത്രമായി സജീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാംകോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കാം. ഡി. എം. ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ് നിർബന്ധമില്ല. https://covid19.kerala.gov.in/deathinfo ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻ്റിൻ്റെ വിശദ വിവരം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.