കൊച്ചി: നഗരത്തിനു പുതുവത്സര സമ്മാനമായി വാട്ടര്‍ മെട്രോ (Kochi Water Metro) എത്തുന്നു. കൊച്ചിയുടെ ജലഗതാഗത രംഗത്ത് വിപ്ലവം കുറിക്കുന്ന പദ്ധതിയായ വാട്ടർ മെട്രോയിലേക്ക് ഒരു ചുവട് കൂടി വയ്ക്കുകയാണ് കെ.എം.ആർ.എൽ. യാത്രയ്ക്കായുള്ള ആദ്യ ബോട്ട് സജ്ജമായി. യാത്രാ മാർഗ്ഗം എന്നതിനൊപ്പം നഗരത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മുതൽക്കൂട്ടാകുന്നതാണ് പദ്ധതി. ഏറെ ഗതാഗതത്തിരക്കുള്ള റോഡ് മാർഗ്ഗത്തിന് ബദലാകുവാനും ഇതിന് കഴിയുമെന്നതും നേട്ടമാണ്.
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് വെള്ളിയാഴ്ച കൈമാറും. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് പൂര്‍ത്തിയാക്കി കൈമാറുന്നത്.
ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. അഞ്ച് ബോട്ടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും. വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറെക്കുറെ തയ്യാറായി കഴിഞ്ഞു. ഇവയുടെ നിര്‍മ്മാണവും ഡ്രെഡ്ജിംഗും പൂര്‍ത്തിയായി. ഫ്‌ളോട്ടിംഗ് ജട്ടികളും അവസാനഘട്ടത്തിലാണ്.
ഹൈക്കോടതി, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശ്രംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം.
യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. 10 നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പൂർണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്റെ രൂപകല്‍പ്പന. അലൂമിനിയം കട്ടമരന്‍ ഹള്ളിലാണ് നിര്‍മ്മിതി. ഫ്‌ളോട്ടിംഗ് ജട്ടികളായതിനാല്‍ പ്രായമായവര്‍ക്ക് വരെ കയറാനും ഇറങ്ങാനും എളുപ്പമാണ്.
കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമവാധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന. വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്റര്‍ സൗകര്യവുമുണ്ട്. ഇത് രണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട്. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശ്രംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ.
Summary: Kochi gets its water metro project launched in New Year
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kochi water metro