കൊച്ചി . ഐ എൻ എൽ തമ്മിലടിയിൽ എറണാകുളം ജില്ലാ കമ്മറ്റിയിൽ അച്ചടക്ക നടപടി. രണ്ടു പേരെ ആറു മാസത്തേക്ക് പുറത്താക്കി. ജില്ലാ ട്രഷറർ ടി എം ഇസ്മായിൽ പറവൂർ മണ്ഡലം പ്രസിഡന്റ് ഒ എച്ച് മനാഫ് ജില്ലാ കമ്മിറ്റി അംഗമായ ഹമീദ് എന്നിവരെ ആറു മാസത്തേക്ക് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിൽ അഹമദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്ക് എതിരെ നടപടി എടുക്കാനായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറിന്റെ തീരുമാനം. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയാതെന്നും ഐ എൻ എൽ ജില്ലാ നേതൃത്വം പറഞ്ഞു.
ഇന്നലെ കൊച്ചിയിൽ നടന്ന യോഗത്തിലാണ് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
എൽഡിഎഫിലെ ഘടകകക്ഷിയായ ഐ എൻ എൽ. (ഇന്ത്യൻ നാഷണൽ ലീഗ്) ഇതോടെ പിളർന്നു. പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുൾ വഹാബും അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചിരുന്നു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേർന്ന ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികൾ പ്രഖ്യാപിച്ചത്.
കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെയാണ് അബ്ദുൾ വഹാബ് വിഭാഗം പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുൾ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസിം ഇരിക്കൂർ അവകാശപ്പെട്ടു.
നിലവിലെ വർക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂർ വ്യക്തമാക്കി.
മുസ്ലീം ലീഗാണ് ഐഎൻഎല്ലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം. അതേ സമയം കൊച്ചിയിലെ ഐ എൻ എൽ യോഗത്തിലെ കയ്യാങ്കളിയിൽ കൊച്ചി സിറ്റി പൊലീസ് രണ്ട് കേസുകളെടുത്തു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് യോഗം നടത്തിയതിന് ഒരു കേസും നടുറോഡിലെ സംഘട്ടനത്തിന് മറ്റൊരു കേസുമാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മുപ്പത് പേരാണ് റോഡിൽ ഏറ്റുമുട്ടിയതെന്നു പോലീസിന്റെ എഫ് ഐ ആറിൽ പറയുന്നു. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയട്ടുണ്ട്. സംഘാടകർക്കും യോഗത്തിന് വേദിയായ ഹോട്ടലിലെ അധികൃതർക്കുമെതിരെയാണ് കൊവിഡ് പ്രോട്ടോകോൾ പ്രകാരമുളള കേസ്. യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കേസിൽ നിന്ന് ഒഴിവാക്കിയട്ടുണ്ട്. സംഭവസ്ഥലത്ത് മന്ത്രി വന്നിരുന്നണെങ്കിലും പെട്ടെന്ന് തന്നെ മടങ്ങിയതിനാൽ കേസ് എടുക്കേണ്ട സാഹചര്യം ഇല്ല എന്നാണ് പോലീസ് വിലയിരുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.