കൊച്ചി:വരുമാന വർദ്ധനവിനായി ഓയിലും ഗ്രീസും ഉള്‍പ്പെടുയുള്ള ലൂബ്രിക്കന്റുകൾ വില്‍പ്പനയ്ക്കൊരുങ്ങി കെ എസ് ആര്‍ ടി സി. രൂപമാറ്റം വരുത്തിയ ബസുകളിലാണ് കെ എസ് ആര്‍ ടി സി ലൂബ് ഷോപ്പുകള്‍ പ്രവർത്തിക്കുക. സംസ്ഥാനത്തെ ആദ്യ ഷോപ്പ് ഈ മാസം 23ന് എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിക്കും.
കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ലൂബ് ഷോപ്പുകള്‍ ആരംഭിക്കുന്നത്. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി രൂപമാറ്റം വരുത്തിയ ബസുകളിൽ ഇതിനോടകം പല സംരഭങ്ങളും തുടങ്ങിയിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയായിരിക്കും സംസ്ഥാനത്തുടനീളമുള്ള ലൂബ്രിക്കന്റുകളുടെ വില്‍പ്പന. പദ്ധതിയുടെ കേരളത്തിലെ ആദ്യ ലൂബ് ഷോപ്പിന്റെ നിര്‍മ്മാണം എറണാകുളം ബോട്ട് ജെട്ടിയിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ അവസാനഘട്ടത്തിലാണ്.
കമ്പനികൾ സാധനങ്ങള്‍ നേരിട്ട് ലൂബ് ഷോപ്പുകളിലെത്തിക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് വില്‍പ്പനയുടെ ചുമതല . പദ്ധതിയിലൂടെ പ്രതിമാസം അൻപതിനായിരം രൂപയുടെ വരുമാനമാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ആലുവയിലായിരിക്കും അടുത്ത ലൂബ് ഷോപ്പ് പ്രവര്‍ത്തിക്കുക.
ആദ്യഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറുന്നതിനുള്ള സൗകര്യം ല്യൂബ് ഷോപ്പിലുണ്ട്.യന്ത്രസഹായത്തോടെയാണ് സേവനം. ഉജ്വൽ 15 എന്ന പേരിൽ ഉപഭോക്താക്കൾക്ക് 15% ഡിസ്കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയും കെ.എസ്.ആർ.ടി.സി വാഗ്ദാനം ചെയ്യുന്നു.
കെഎസ്ആർടിസിയുടെ എട്ട് ബസ് സ്റ്റേഷനുകളിൽ പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പും ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പർഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്ലൈറ്റുകളുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് വരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലെ എട്ട് ഔട്ട്ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ചീഫ് ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന് ഏറ്റു വാങ്ങിയിരുന്നു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ഔട്ട്ലൈറ്റുകൾ പൊതുജനങ്ങൽക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഈ സംരംഭത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയ്ക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഡി ബിജു പ്രഭാകർ ഐ.എ.എസ് അറിയിച്ചു.
കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ (online.keralartc.com) സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ (ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ) വഴിയും ബുക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ നിരവധി പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kochi, Ksrtc, KSRTC bus stations