കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജേലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ (Kochi Metro) ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. അതേ പോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. ജോലികള്‍ പൂര്‍ത്തിയാകും വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ചെരിവ് കണ്ടെത്തിയ കൊച്ചി മെട്രോ തൂണ് പരിശോധിക്കാന്‍ ഡി എം ആര് സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിര്‍വ്വഹിച്ച കമ്പനിയുടെ വിദഗ്ദരും ശ്രീധരനൊപ്പമുണ്ടായിരുന്നു. മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാo നമ്പര്‍ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പരിശോധനയ്ക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിര്‍ദ്ദേശങ്ങളും കെ എം ആര് എല്ലിനു സമര്‍പ്പിക്കും. പിന്നീട് വിദഗ്ദ്ധ സമിതി ചേര്‍ന്നായിരിക്കും അപാകത പരിഹരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.
കെ എം ആര് എല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ തകരാര്‍ ബോധ്യപ്പെട്ടതോടെ വിശദാംശങ്ങള്‍ ഡി എം ആര് സി യെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തില്‍ ചരിവുകളുണ്ടാകാറുണ്ട്. എന്നാല്‍ തൂണിന്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കെ എം ആര് എല്ലിന്റെയും, ഡി എം ആര് സി യുടെയും എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിന്റെ ചെരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ട്രയിന്‍ സര്‍വീസുകള്‍ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് കെ എം ആര് എല്‍ വ്യക്തമാക്കുന്നത്.
ഡി എം ആര് സി യുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിച്ചത്. വയഡക്ടിനും , ട്രാക്കിനുമിടയില്‍ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയായിരുന്ന ശ്രദ്ധയില്‍പ്പെട്ടത്. തൂണിന്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിന്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്. തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമമാണ് കെ എം ആര് എല്‍ നടത്തുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.