മഴയെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; കൊച്ചിയിലെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഫലം കാണുമോ ?

കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പിന്നീട് ഹൈക്കോടതിയുടെ അംഗീകാരത്തോടെ വിപുലമായ പദ്ധതിയാക്കി മാറ്റുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 22, 2020, 9:19 PM IST
മഴയെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; കൊച്ചിയിലെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഫലം കാണുമോ ?
operation break through
  • Share this:
കൊച്ചി: കോവിഡ് മഹാമാരിയെ നേരിടാനുള്ള ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനമൊട്ടാകെ മുന്നോട്ടുപോകുമ്പോള്‍ മഴയെത്തും മുമ്പെ മറ്റൊരു അഭിമാന പോരാട്ടത്തിലാണ് കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം. ജൂണ്‍ ആദ്യവാരം മഴക്കാലമെത്തുമ്പോള്‍ വെള്ളക്കെട്ടൊഴിവാക്കുന്നതിനായി നടപ്പിലാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഫലം കാണുമോയെന്നതാണ് നഗരവാസികളുടെ ഒന്നടങ്കം ആകാംഷ.

കഴിഞ്ഞ ഒക്ടോബറിലാണ് മണിക്കൂറുകള്‍ മാത്രം നീണ്ട മഴയില്‍ കൊച്ചി നഗരം ഒന്നടങ്കം സ്തംഭിച്ചത്. നോക്കി നിന്ന മാത്രയില്‍ എം.ജി.റോഡടക്കം പ്രധാന വഴികളിലെല്ലാം കായലിനു തുല്യം ജലം നിറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ വീടുകള്‍ എല്ലാം വെള്ളത്തില്‍ മുങ്ങി. കോര്‍പറേഷന്‍ നേതൃത്വത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചു. കോര്‍പറേഷനെ നോക്കുകുത്തിയാക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച് ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയിലെ ജനജീവിതം സാധാരണനിലയിലാക്കി.

കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പിന്നീട് ഹൈക്കോടതിയുടെ കൂടെ അംഗീകാരത്തോടെ വിപുലമായ പദ്ധതിയാക്കി മാറ്റുകയായിരുന്നു. ഓട നവീകരണം, തോടുവൃത്തിയാക്കാല്‍ തുടങ്ങി കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിലായി 25 കോടി രൂപയാണ് ചിലവഴിച്ചത്.
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോയിത്തറ കനാലിലാണ് നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നത്. കോയിത്തറ റെയില്‍വേ പാലത്തിന് താഴെ ഒഴുക്കിന് തടസ്സമായിരുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മുഴുവനായും നീക്കം ചെയ്തു. കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കനാലില്‍ ഒഴുക്കിന് തടസ്സമായി നില്‍ക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് നീക്കം ചെയ്യാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ ജില്ലാ കളക്ടര്‍ വാട്ടര്‍ അതാറിട്ടിക്ക് നിര്‍ദേശം നല്‍കി. ഇതിനുള്ള തുക ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ നിന്നും അനുവദിക്കും. ഇവിടെ അശാസ്ത്രീയമായി സ്ഥാപിച്ച വിവിധ കേബിളുകളും നീക്കം ചെയ്യും. കോയിത്തറകനാല്‍ വൃത്തിയാകുന്നതോടെ തേവര - പേരണ്ടൂര്‍ കനാലിലെ നീരൊഴുക്ക് സുഗമമാകും. ഇതോടെ പനമ്പിള്ളി നഗര്‍, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, ചിലവന്നൂര്‍ കായല്‍. ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മഴക്കാല പൂര്‍വ്വതയ്യാറെടുപ്പുകളുടെ അവലോകന യോഗത്തില്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ബ്രേക്ക് ത്രൂവിനെ അഭിനന്ദിച്ചിരുന്നു. ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഇടപ്പള്ളിതോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നായിരുന്നു കെ.ജെ മാക്‌സി എം.എല്‍.എയുടെ ആവശ്യം.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി പുരോഗമിക്കുന്നതായി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഹൈക്കോടതി അമിക്കസ് ക്യൂറിയായ സുനില്‍ ജേക്കബ് ജോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി വിലയിരുത്തുന്നു. ബ്രേക്ക് ത്രൂവിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവൃത്തികളും ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നഗരത്തിലെ പ്രധാനതോടുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള രണ്ടാം ഘട്ടത്തില്‍ 17 പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദുരന്തനിവാരണ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാകളക്ടര്‍ക്ക് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading