കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡന കേസില്‍ കുറ്റാരോപിതനായ കാക്കനാട് ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിരവധി യുവതികള്‍ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ഒളിവില്‍ പോയ ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ സുജീഷിനെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സുജീഷിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വെണ്ണലയിലും ചിറ്റൂരിലും ഉള്ള വീടുകളില്‍ അന്വേഷണ സംഘം എത്തിയിരുന്നു. വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതു പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, സംഭവത്തില്‍ ശനിയാഴ്ച ഒരു യുവതി കൂടി പോലീസില്‍ പരാതി നല്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് ഇന്നു പരാതി നല്‍കിയത്. നിലവില്‍ സംഭവത്തില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി നല്കിയ നാല് യുവതികളുടെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച യുവതി പരാതിയില്ല എന്ന് കമ്മീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവതി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചത്. ടാറ്റൂ ആർട്ടിസ്റ്റിൽ നിന്നു൦ നേരിടേണ്ടി വന്ന ദുരനുഭവം റെഡ്ഡിറ്റിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ മറ്റ് യുവതികള്‍ പരാതി നല്‍കുന്നതുമായി മുന്നോട്ട് പോകുകയായിരുന്നു.
ടാറ്റൂ ആർട്ടിസ്റ്റ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ ദുരനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിച്ചിരുന്നു. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ പീഡനത്തിന് ഇരയായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.