കോഴിക്കോട്: കോടേഞ്ചരി (Kodenchieri) വിവാഹ വിവാദം അടഞ്ഞ അധ്യായമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. വിഷയത്തിൽ മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ് എം തോമസിന് പിശകു പറ്റിയെന്നും മോഹനൻ പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നു. രണ്ടുവീട്ടുകാരോടും ആലോചിച്ച് ബോധ്യപ്പെടുത്തി വിവാഹം നടത്തേണ്ടതായിരുന്നു.
രാജ്യത്തെ നിയമം അനുസരിച്ച് ഏത് മതവിഭാഗത്തിൽ പെട്ടവരായാലും പ്രായപൂർത്തിയായവർക്ക് ഒന്നിച്ച് ജീവിക്കാനും വിവാഹിതരാകാനും അവകാശമുണ്ട്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. വിവാഹത്തില്‍ അസ്വാഭാവികതയില്ല. തട്ടിക്കൊണ്ടുപോകുന്ന ഉള്‍പെടെയുളള രീതികളെ അംഗീകരിക്കില്ല. ലവ് ജിഹാദെന്നത് ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. ജോര്‍ജ് എം.തോമസിന് പിശക് പറ്റിയതാണെന്നും മോഹനൻ പറഞ്ഞു.
Also Read-'കേരളത്തിൽ ലവ് ജിഹാദ് എന്നൊന്നില്ല'; ജോർജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്ന് സ്പീക്കർ എം ബി രാജേഷ്
പിശക് പറ്റിയെന്ന് ജോര്‍ജ് എം.തോമസ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് കോടതിയും അംഗീകരിച്ചു. ഇതോടെ ഈ വിഷയം അടഞ്ഞ അധ്യായമാണ്. എന്നാൽ, ഇതിനെ പ്രയോജനപ്പെടുത്തി കോടഞ്ചേരിയിൽ ഏതാനും ആളുകൾ രാഷ്ട്രീയ താത്പര്യം വെച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും സംഘർഷമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ നടന്നതായി പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. അതിനെതിരെ അതിശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും. പാർട്ടിയെ പോലും ആക്ഷേപിക്കുന്ന തരത്തിൽ ചില ആളുകൾ തെരുവിലിറങ്ങി കോപ്രായങ്ങൾ കാണിച്ചു. ഇത് ശക്തമായി തുറന്നു കാണിക്കും. ഇതിന്റെ ഭാഗമായി പൊതുയോഗമടക്കം നടത്തുമെന്നും പി മോഹനൻ പറഞ്ഞു.
അതേസമയം, വിവാഹ വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു . ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ജോര്‍ജ് എം തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.