• HOME
 • »
 • NEWS
 • »
 • kerala
 • »
 • Joju George | ജോജുവുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

Joju George | ജോജുവുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

'കോൺഗ്രസിനെ സംബന്ധിച്ച് ജോജു ജോർജ് പ്രശ്നം നിലവിൽ വെറുമൊരു തർക്കമല്ല, മറിച്ച് മറവിലിരുന്ന് സി പി എം രാഷ്ട്രീയം കളിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്ന രാഷ്ട്രീയ വിഷയമാണ്'

joju

joju

 • Last Updated :
 • Share this:
  കൊല്ലം: ജോജു ജോർജ് വിഷയം ഉടനെ ഒരു കരയ്ക്കടുക്കുന്ന ലക്ഷണമില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ്. കൂടുതൽ കോൺഗ്രസ് പ്രവർത്തകർ നിയമ നടപടി നേരിടേണ്ടി വരും. ജോജുവുമായി ഇനി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ജോജു ജോർജു വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് ഏതറ്റം വരെയും പോകും, പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോജു ജോർജാണ് കോൺഗ്രസിനെ സമീപിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

  കോൺഗ്രസിനെ സംബന്ധിച്ച് ജോജു ജോർജ് പ്രശ്നം നിലവിൽ വെറുമൊരു തർക്കമല്ല, മറിച്ച് മറവിലിരുന്ന് സി പി എം രാഷ്ട്രീയം കളിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്ന രാഷ്ട്രീയ വിഷയമാണ്. ജോജു ജോർജ്ജ് സിപിഎമ്മിന്‍റെ ചട്ടുകമാണെന്ന്, കൊച്ചിയിൽ വിവാദമായ സമരത്തിന്റെ ഉദ്ഘാടകൻ കൂടിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു.

  ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ജോജു ജോർജ് പിന്നാക്കം പോയത് കോൺഗ്രസിന് ക്ഷീണം ആയി എന്നതും കൊടിക്കുന്നിലിന്‍റെ വാക്കുകളിൽ വ്യക്തം. ഒത്തു തീർപ്പ് ചർച്ചയ്ക്ക് മുൻകൈ എടുത്തു വന്നത് ജോജു ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില മധ്യസ്ഥർ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാര ചർച്ച നടന്നെങ്കിലും സിപിഎം ഇടപെട്ട് ജോജുവിനെ പിന്തിരിപ്പിച്ചു എന്നും കൊടിക്കുന്നിൽ പറഞ്ഞു.

  ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി എന്ന നിലയിൽ കാര്യങ്ങൾ എത്തുമ്പോൾ റോഡ് തടയൽ സമരം വിവാദം ഉടനൊന്നും അവസാനിക്കില്ലെന്ന് ഉറപ്പ്. ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും.

  Also Read- 'ജോജു മാന്യൻ ചമയണ്ട; റോഡിൽ സിനിമ ഷൂട്ടിംഗ് നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥ'

  മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി. വൈ. ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ്‌ ജർജസ്,എറണാകുളം സൗത്ത് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ അരുൺ വർഗീസ് എന്നിവരാണ് കിഴടങ്ങുന്നത്. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലായിരിക്കും ഹാജരാകുക. വൈകീട്ട് മൂന്നു മണിയോടെ പ്രകടനമായി സ്റ്റേഷനിൽ എത്തി കീഴടങ്ങനാണ് തീരുമാനം. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

  ജോജുവുമായി ഒത്തുതീർപ്പിനുള്ള ശ്രമം കോൺഗ്രസ്‌ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജോജു കേസിൽ കക്ഷി ചേരുകയും ചെയ്തു. കേസിൽ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്.

  അതേ സമയം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ഡി. സി. സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പൊലീസിന്റേത് ഏക പക്ഷീയമായ നിലപാടാണ്. വനിതാ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ച പരാതിയിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. വനിതകളുടെ പരാതിയിൽ കഴമ്പില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഇത് പ്രതിഷേധാർഹമാണ്. മഹിളാ പ്രവർത്തകർ നൽകിയ പരാതിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്കാകും മാർച്ച് നടത്തുക. കേസിൽ നിയമപരമായി പ്രവർത്തിക്കും. റോഡ് തടസ്സപ്പെടുത്തുന്നത് പോക്രിത്തരം എന്നാണ് ജോജു പറഞ്ഞത്. ജോജു അംഗമായ ഫെഫ്കക്കും ഇത് ബാധകമാണ്. സിനിമാക്കാർക്കും ഇത് ബാധകമല്ലേ? ബി ഉണ്ണികൃഷ്ണൻ മലർന്ന് കിടന്ന് തുപ്പരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
  Published by:Anuraj GR
  First published: