• HOME
 • »
 • NEWS
 • »
 • kerala
 • »
 • കൊടിക്കുന്നിലും പി ടി തോമസും ടി സിദ്ധിഖും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ ഒഴിവാക്കി

കൊടിക്കുന്നിലും പി ടി തോമസും ടി സിദ്ധിഖും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ ഒഴിവാക്കി

കെ വി തോമസിനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.

kpcc working presidents

kpcc working presidents

 • Last Updated :
 • Share this:
  ന്യൂഡൽഹി/ തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി. സിദ്ധിഖ് എന്നിവരെ കോൺഗ്രസ് ഹൈക്കമാൻഡ് നിമയിച്ചു. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. എന്നാൽ നിയമനം സംബന്ധിച്ച അറിയിപ്പിൽ മെയ് 8 ആണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.

  സമുദായ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ വി തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

  Also Read- പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും

  ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയെ നയിക്കാന്‍ കെ സുധാകരനെ ഹൈക്കമാന്‍ഡ് നിയമിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് തകർന്ന് നില്‍ക്കുമ്പോഴാണ് തീരുമാനം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് തിരക്കിട്ട് പ്രഖ്യാപനം. ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കുന്നു എന്നാണ് സുധാകരന്റെ ആദ്യപ്രതികരണം.

  Also Read-  'കെപിസിസി പ്രസിഡന്റായി കെ സുധാകരന്റെ നിയമനം; ആര്‍ എസ് എസിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമോ ജനാധിപത്യവാദികള്‍ക്ക് എന്ന് ആശങ്ക'; എംഎ ബേബി

  പരാജയത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാന്‍ സമിതിയുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കെ സുധാകരനെ ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. എംഎല്‍എമാര്‍ എംപിമാര്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം തേടിയാണ് ചവാന്‍ സമിതിയും താരീഖ് അന്‍വറും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

  ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല മുല്ലപ്പിള്ളി രാമചന്ദ്രന്‍ എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയോടുള്ള പ്രതിഷേധമാണ് നിലപാടിന് കാരണം. ഇതില്‍ സോണിയാ ഗാന്ധി ഇടപെട്ട് സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എ, ഐ ഗ്രൂപ്പുകളുടെ അമര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. അതേസമയം, കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളില്‍ താനൊരു പേരും പ്രത്യേകം പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ചെന്നിത്തല പ്രതികരിച്ചു. കെ സുധാകരന്‍ പാര്‍ട്ടിക്ക് ശരിയായ ദിശാബോധം നല്‍കികൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ സുധാകരന് കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുകയാണ്. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും തീരുമാനത്തെ ഒന്നിച്ച് സ്വാഗതം ചെയ്യും. - ചെന്നിത്തല പറഞ്ഞു.

  കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ നിയോഗിച്ച ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു.

  കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണെന്നായിരുന്നു സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ച ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. തീരുമാനത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അതില്‍ ഗ്രൂപ്പ് വിവേചനമില്ല. പാര്‍ട്ടിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് കെ സുധാകരന്‍ സ്ഥാനമേറ്റ ശേഷം തീരുമാനിക്കും. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ പൊതുവായ ആവശ്യമാണ്. അത് നിറവേറ്റാന്‍ സുധാകരന് സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
  Published by:Rajesh V
  First published: