• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണം'; മുഖ്യമന്ത്രിക്കെതിരായ കൊടുക്കുന്നിൽ സുരേഷിന്റെ പരാമർശം വിവാദമായി

'നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണം'; മുഖ്യമന്ത്രിക്കെതിരായ കൊടുക്കുന്നിൽ സുരേഷിന്റെ പരാമർശം വിവാദമായി

അയ്യങ്കാളി ജന്മദിനത്തില്‍ എസ് സി- എസ് ടി ഫണ്ട് തട്ടിപ്പില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kodikkunnil_Suresh

kodikkunnil_Suresh

  • Last Updated :
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി നടത്തിയ പരാമർശം വിവാദമായി. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. അയ്യങ്കാളി ജന്മദിനത്തില്‍ എസ് സി- എസ് ടി ഫണ്ട് തട്ടിപ്പില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ശബരിമലയ്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു'- കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്‍റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമർശം സംബന്ധിച്ച് പിന്നീട് മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോൾ, പൊതു സമൂഹത്തിനു മുന്നിൽ വന്ന വിഷയം താൻ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ മറുപടി.

''നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ നവോത്ഥാനം നടപ്പാക്കാന്‍, പറയുന്ന കാര്യത്തില്‍ ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം സ്വന്തം കുടുംബത്തില്‍ നടപ്പാക്കണമെന്നുളള ഒരു ചര്‍ച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നു. താന്‍ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട,” - കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം; കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ

കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രസ്‌താവന ആധുനിക കേരളത്തിന് ചേരുന്നതല്ല, എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണം. ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ. അയ്യൻകാളിയെയും, ശ്രീനാരായണ ഗുരുവിനെയും, ചട്ടമ്പി സ്വാമിയെയും പോലുള്ള നവോത്ഥാന നായകരെ അനുസ്‌മരിക്കുന്ന ദിവസം അവർ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്, മാനവികമായ ആശയങ്ങളുണ്ട് അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ് അവരെല്ലാം മുന്നോട്ട് വെച്ചത്. അതിനെല്ലാം വിരുദ്ധമായാണ് ഇന്ന് കൊടിക്കുന്നിൽ സുരേഷ് നടത്തിയ അപരിഷ്‌കൃതമായ പ്രതികരണമെന്നും റഹിം കൂട്ടിച്ചെർത്തു.
Published by:Rajesh V
First published: