എന്‍എസ്എസ് നേതൃത്വത്തിന്റേത് ചരിത്രപരമായ തലകുത്തിവീഴ്ച: കോടിയേരി
എന്‍എസ്എസ് നേതൃത്വത്തിന്റേത് ചരിത്രപരമായ തലകുത്തിവീഴ്ച: കോടിയേരി
kodiyeri nss
Last Updated :
Share this:
തിരുവനന്തപുരം: വനിതാ മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് സുകുമാരന്‍ നായരില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നും പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി.
സമദൂരം പക്ഷം ചേരലോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കോടിയേരിയുടെ രൂക്ഷ വിമര്‍ശനം. ശബരിമല വിവാദത്തിന്റെ ആദ്യനാളുകളില്‍ എന്‍എസ്എസിന്റെ കടുത്ത വിമര്‍ശനങ്ങളോടു പോലും സിപിഎം മൗനം പാലിച്ചിരുന്നു. എന്നാല്‍ ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് ഇനി അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
വനിതാമതിലില്‍ വിള്ളല്‍ വീഴും എന്നത് ചിലരുടെ ദിവാസ്വപ്നമാണ്. മതില് തകര്‍ക്കാന്‍ മുന്നില്‍ നില്ക്കുന്ന ആര്‍എസ്എസിന് യുഡിഎഫും എന്‍എസ്എസും ഒത്താശ ചെയ്യുന്നു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം അണിചേരുന്ന വനിതാ മതിലിനെ വര്ഗീയമതിലായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ്. വനിതാമതിലിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന സുകുമാരന്‍നായര്‍ ഇതിന്റെ മറവില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുന്നു.
സമദൂരത്തെ ശരിദൂരമാക്കി കമ്മ്യൂണിസ്റ്റ് വരുദ്ധശക്തികളെ സഹായിക്കുന്ന സന്ദേശമാണ് എന്‍എസ്എസ് നേതാവിന്റേത്. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന സുകുമാരന്‍നായരുടെ പ്രസ്താവനയെ അധികപ്രസംഗമെന്നും കോടിയേരി വിശേഷിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാനത്തിന് മന്നത്ത് പത്മനാഭന് ചെയ്ത സേവനങ്ങളെ എണ്ണിപ്പറഞ്ഞാണ് സുകുമാരന്‍ നായരെ കോടിയേരി കടന്നാക്രമിക്കുന്നത്. വഴിതെറ്റലില്‍ നിന്ന് മോചിതരാകാന്‍ എന്‍എസ്എസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന പാരമ്പര്യമുള്ള എന്‍എസ്എസിനെ ആര്‍എസ്എസിന്റെ അറവുശാലയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വനിതാമതില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന കെസിബിസിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്നും കോടിയേരി വ്യക്തമാക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.