• HOME
 • »
 • NEWS
 • »
 • kerala
 • »
 • സിപിഎമ്മിലെ സൗമ്യമുഖം; തർക്കങ്ങൾ പരിഹരിക്കുന്നതിൽ അസാമാന്യ പാടവം

സിപിഎമ്മിലെ സൗമ്യമുഖം; തർക്കങ്ങൾ പരിഹരിക്കുന്നതിൽ അസാമാന്യ പാടവം

സൗമ്യമായി സംസാരിക്കുമ്പോഴും എതിരാളികൾക്ക് ചുട്ടമറുപടി കൊടുക്കാനുള്ള കഴിവും എടുത്തുപറയേണ്ടതാണ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളിൽ എന്നും വേറിട്ടമുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്. സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് എതിരാളികളെ പോലും കൈയിലെടുക്കാൻ അസാമാന്യ പാടവം പ്രകടിപ്പിച്ച കോടിയേരി, എന്നാൽ വേണ്ട സമയത്ത് കർക്കശ നിലപാടെടുക്കാനും മടിച്ചുനിന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടി വലിയ വെല്ലുവിളികൾ നേരിടുമ്പോഴും ക്രൈസിസ് മാനേജരുടെ റോളേറ്റെടുത്ത് ദ്രുതഗതിയിൽ പ്രശ്നപരിഹാരം കാണാൻ വലിയ മിടുക്ക് തന്നെ അദ്ദേഹം പ്രകടിപ്പിച്ചു. സൗമ്യമായി സംസാരിക്കുമ്പോഴും എതിരാളികൾക്ക് ചുട്ടമറുപടി കൊടുക്കാനുള്ള കഴിവും എടുത്തുപറയേണ്ടതാണ്.

  വി എസ്- പിണറായി പോര് രൂക്ഷമായ ഘട്ടത്തിൽ കോടിയേരി പലപ്പോഴും നയതന്ത്രജ്ഞന്റെ റോളേറ്റെടുത്തു. 2015ൽ സമ്മേളന നഗരിയിൽ നിന്ന് വി എസ് പിണങ്ങിപോയി. മടക്കിക്കൊണ്ടുവരാൻ സീതാറാം യെച്ചൂരി അടക്കമുള്ളവർ ശ്രമിച്ചെങ്കിലും വഴങ്ങാതെ വിഎസ് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. വി എസ് പാർട്ടിക്ക് പുറത്തേക്ക് എന്ന അഭ്യൂഹം ശക്തമായി. എന്നാൽ കോടിയേരിയുടെ ഇടപെടൽ അന്ന് ഫലം കണ്ടു.

  Also Read- കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

  സെക്രട്ടറി പദം ഏറ്റെടുക്കുമ്പോൾ സിപിഎം അധികാരത്തിലെത്തുമോ എന്ന ആശങ്കയിലായിരുന്നു നേതാക്കളടക്കം. എന്നാൽ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാരിന്‌റെ തുടർഭരണമെന്ന ചരിത്രവും കുറിച്ചാണ് കോടിയേരി സെക്രട്ടറി പദത്തിൽ നിന്ന് മാറിയത്. പാര്‍ട്ടിയിലെ ഏതൊരു പ്രവര്‍ത്തകനും എപ്പോഴും ധൈര്യപൂര്‍വം കോടിയേരിയെ സമീപിക്കാമായിരുന്നു. ഇത് തന്നെയായിരുന്നു മുന്നണിയിലെ മറ്റ് കക്ഷികളോട് വലുപ്പചെറുപ്പമില്ലാതെ കോടിയേരി സ്വീകരിച്ചിരുന്ന നയം. സിപിഎം - സിപിഐ അഭിപ്രായഭിന്നതകളിലും കോടിയേരിയുടെ ഇടപെടൽ പലഘട്ടത്തിലും മഞ്ഞുരുക്കി.

  Also Read- Kodiyeri Balakrishnan | 'അങ്ങനെ കീഴടങ്ങാൻ പറ്റില്ലല്ലോ'; രണ്ടര വർഷം മുൻപ് രോഗാവസ്ഥയ്ക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട കോടിയേരി

  എല്ലാക്കാലവും പിണറായി വിജയനുമായി നല്ല ബന്ധം സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി. വിഭാഗീയത ഇല്ലാതാക്കി, പാർട്ടിയും സർക്കാരും ഒരേ ദിശയിൽ ഒത്തൊരുമിച്ച് സഞ്ചരിച്ചതും പിന്നീട് കേരളം കണ്ടു. പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് പുതുനിരയെ കൊണ്ടുവന്നതാണ് മറ്റൊരു നേട്ടം. നിയമസഭാതിരഞ്ഞെടുപ്പില്‍ രണ്ടും ടേം കഴിഞ്ഞവരെ മാറ്റിനിര്‍ത്താമെന്ന മാനദണ്ഡവും പുത്തൻ അനുഭവമായി.

  തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തായി ഇ.കെ. നായനാര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയമന്ദിരം ഉദ്ഘാടനച്ചടങ്ങാണ് പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി പങ്കെടുത്ത അവസാനത്തെ ചടങ്ങ്. അതില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു-''വിശക്കുന്നവന് ഭക്ഷണവും രോഗികള്‍ക്ക് ചികിത്സയും ഉറപ്പുവരുത്താനാകുന്ന പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനമാണ്. സഹായിക്കാനാളുണ്ടെന്നും കൂടെ നമ്മളുണ്ടെന്നും ജനങ്ങള്‍ക്ക് തോന്നുമ്പോഴുമാണ് പാര്‍ട്ടി ശക്തമാകുക''.
  Published by:Rajesh V
  First published: