തിരുവനന്തപുരം.: ആർഎസ്എസിന്റെ വർഗീയ ധ്രൂവീകരണ ശ്രമങ്ങൾക്ക് എണ്ണ പകരുന്നത് ജമാ അത്തെ ഇസ്ലാമിയുടേയും എസ് ഡിപിഐയുേടയും പ്രവർത്തനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ മുസ്ലീം വിഭാഗത്തിൽ ചെറിയ ന്യൂനപക്ഷം മാത്രമേ തീവ്രവാദികളുള്ളൂ. എന്നാൽ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിച്ച് ഇസ്ലാം മതമൗലിക വാദികൾ നടത്തുന്ന ധ്രുവീകരണം ആർഎസ്എസ് നടത്തുന്ന ശ്രമത്തിന് എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ്. ഇത് കണക്കിലെടുത്ത് ഇരു വർഗീയ ശക്തികളുടെ ശ്രമങ്ങളേയും തുറന്നു കാട്ടണമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസും ബിജെപിയും ഹിന്ദുത്വ പ്രചാരവേലയിലേക്ക് കേന്ദ്രീകരിക്കുമ്പോൾ അതിൽ മുസ്ലീം വിരുദ്ധത ശക്തമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത്. എന്നാൽ മുസ്ലിം വിഭാഗത്തിൽ ഈ പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നത് ജമാ അത്തെ ഇസ്ലാമിയും എസ് ഡിപിഐയുമാണ്. ഈ രണ്ടു കൂട്ടരും വർഗീയ ധ്രൂവീകരണത്തിനു വേണ്ടിയാണ് ശ്രമിക്കുന്നത്.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്തയാണ് ജമാ അത്തെ ഇസ്ലാമിയെ നയിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാ അത്തെ ഇസ്ലാമി നിലകൊള്ളുന്നു. മതത്തെ ഭീകരതയ്ക്കുള്ള ആയുധമാക്കുകയാണ് എസ് ഡിപിഐ. ജയ് ശ്രീറാം വിളിപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. പലയിടത്തും ബോലോ തക്ബീർ വിളിപ്പിക്കാൻ മുസ്ലിം തീവ്രവാദികളും മുൻകൈ എടുക്കുന്നു. ഈ രണ്ടു കൂട്ടരരേയും ഒറ്റപ്പെടുത്തുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികളെ ഉത്തേജിപ്പിക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ കഴിയൂവെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
പൗരത്വ നിയമം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജൻഡകൾക്കെതിരേ വിശാല യോജിപ്പുണ്ടാകണം. എന്നാൽ കോൺഗ്രസിന്റെ നിലപാടിന് ഇനിത് സഹായിക്കുന്നതല്ല. ആർഎസ്എസ് വിരുദ്ധ സമീപനത്തെക്കാൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്. എന്നാൽ യുഡിഎഫിലെ വലിയൊരു വിഭാഗം മതനിരപേക്ഷവാദികളാണ്. അത്തരം ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പരിപാടികൾ തുടർന്നു സംഘടിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.