• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരി പ്രിയ സുഹൃത്തെന്ന് മമ്മൂട്ടി; കണ്ണീരോടെ വിടയെന്ന് മോഹൻലാൽ

കോടിയേരി പ്രിയ സുഹൃത്തെന്ന് മമ്മൂട്ടി; കണ്ണീരോടെ വിടയെന്ന് മോഹൻലാൽ

കോടിയേരി ബാലകൃഷ്ണൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. കോടിയേരി ബാലകൃഷ്ണൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നല്ലൊരു സുഹൃത്തായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മോഹൻലാൽ കുറിച്ചു.

'സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട'- മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.

മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി ചലച്ചിത്രലോകത്ത് നിന്ന് നിരവധി പേര്‍ കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അർപ്പിച്ചു.

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

സമഗ്ര കവറേജ് വായിക്കാം

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്.
Published by:Anuraj GR
First published: