• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്റർ; മാറ്റം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിൽ

കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്റർ; മാറ്റം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിൽ

നിലവിൽ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുന്നത്.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങൾ ഉന്നയിച്ച് അവധിയിൽ പോയതാണ് അദ്ദേഹം. നിലവിൽ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുന്നത്.

കളമശേരിയിൽ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാവുകയാണ്. വ്യവസായ വകുപ്പ് അദ്ദേഹത്തിന് നൽകാനാണ് ധാരണയായിരിക്കുന്നത്.

2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കോടിയേരി,  പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ  ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഎം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഎമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ വീണ്ടും സംസ്ഥാനസെക്രട്ടറിയായി  തെരെഞ്ഞെടുത്തു. ‌

മകൻ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണ കേസുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാർട്ടി നിയമിച്ചിരിക്കുന്നത്.

ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം സംബന്ധിച്ച് ധാരണയായി. കെ കെ ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ എന്‍ ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് നേമത്തെ അക്കൗണ്ട് പൂട്ടിച്ച വി ശിവൻകുട്ടിക്ക് നൽകി. ബുധനാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഇത്തവണ ജനതാദള്‍ എസിന് വിട്ടുനൽകി. കെ കൃഷ്ണൻകുട്ടിയാണ് പുതിയ വൈദ്യുതി മന്ത്രി. എൻസിപി കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ജനാധിപത്യ സോഷ്യലിസ്റ്റ് കേരള കോൺഗ്രസിന് നൽകി. ആന്റണി രാജുവായിരിക്കും ഗതാഗത മന്ത്രി. സിപിഐ കൈവശം വെച്ചിരുന്ന വനംവകുപ്പ് എൻസിപിക്ക് നൽകി. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയാകും.

പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനി വരേണ്ടതുണ്ട്.

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, പുരാവസ്തു, മ്യൂസിയം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

ജി ആർ അനിൽ- ഭക്ഷ്യം

പി പ്രസാദ്- കൃഷി

കെ രാജൻ- റവന്യൂ
Published by:Rajesh V
First published: