• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരിക്ക് അസുഖം കണ്ടെത്തിയത് മൂന്നുവർഷം മുമ്പ് പതിവ് പരിശോധനയ്ക്കിടെ ഒക്ടോബറിൽ

കോടിയേരിക്ക് അസുഖം കണ്ടെത്തിയത് മൂന്നുവർഷം മുമ്പ് പതിവ് പരിശോധനയ്ക്കിടെ ഒക്ടോബറിൽ

ഇടക്കാലത്ത് രോഗം നിയന്ത്രണവിധേയമായതോടെ കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ വകവെക്കാതെ സദാസമയവും പാർട്ടി പരിപാടികളിൽ കോടിയേരി മുഴുകിയിരുന്നു

  • Share this:
തിരുവനന്തപുരം: അസുഖം കണ്ടെത്തി കൃത്യം മൂന്നു വർഷമാകുമ്പോഴാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണം സംഭവിച്ചത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്. 2019ല്‍ ഒക്‌ടോബര്‍ മാസത്തില്‍ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന കോടിയേരി പതിവ് പരിശോധനയിലാണ് അര്‍ബുദ സാദ്ധ്യത ഡോക്‌ടര്‍ കണ്ടെത്തിയത്. ഡോക്‌ടര്‍ രക്തപരിശോധന നിര്‍ദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചു.

തുടർന്ന് അമേരിക്കയിൽ ഉൾപ്പടെ കൊണ്ടുപോയി ചികിത്സിച്ചിരുന്നു. ഒരു ഘട്ടത്തിൽ അസുഖം നിയന്ത്രണവിധേയമായെന്ന പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കരളിലെ അർബുദരോഗ വിദഗ്ദ്ധൻ ഡോ. ബോബൻ തോമസിന്‍റെ ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വിദേശത്തും ചെന്നൈയിലുമെല്ലാം ചികിത്സയ്ക്ക് പോയത് ഡോ. ബോബൻ തോമസിന്‍റെ നിർദ്ദേശാനുസരണമായിരുന്നു.

ഇടക്കാലത്ത് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണെന്ന പ്രതീക്ഷ നൽകിയിരുന്നു. ഈ സമയത്ത് കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ അലട്ടിയിരുന്നെങ്കിലും സദാസമയവും പാർട്ടി പരിപാടികളിൽ കോടിയേരി മുഴുകിയിരുന്നു. രോഗത്തെക്കുറിച്ച് ആലോചിക്കാറില്ലെന്നും, പാർട്ടി കാര്യങ്ങളിൽ വ്യാപൃതനാകുകയാണ് താനെന്നും അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാക്കളോടും അടുപ്പക്കാരോടും പറഞ്ഞിരുന്നു. രോഗം ഉണ്ടെന്ന് കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം, അതിനോട് പൊരുതുകയാണ് വേണ്ടത്. എന്ന് മുന്‍പ് രോഗത്തെ കുറിച്ച്‌ കോടിയേരി പറഞ്ഞിരുന്നു.

അടുത്തകാലത്തായി എകെജി സെന്‍ററിലെ ഫ്ലാറ്റിൽനിന്ന് റോഡിന് എതിർവശത്തുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിലേക്ക് മാത്രമാണ് കോടിയേരി യാത്ര ചെയ്തിരുന്നത്. മറ്റ് ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കുന്നതും കമ്മിറ്റി കൂടാൻ പോകുന്നതും അദ്ദേഹം ഒഴിവാക്കിയിരുന്നു.

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

Also Read- അസാമാന്യ ധൈര്യത്തോടെ അര്‍ബുദത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി സഖാവ്'; കുറിപ്പുമായി ഡോ.ബോബന്‍ തോമസ്

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്.
Published by:Anuraj GR
First published: