• HOME
  • »
  • NEWS
  • »
  • kerala
  • »
  • നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികൾക്കും ജാമ്യമില്ല

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികൾക്കും ജാമ്യമില്ല

കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നത് എന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

    പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്‌ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെയും പെൺകുട്ടി നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

    സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന പൊലീസ് നൽകിയിട്ടുണ്ട്. പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്തു വരികയാണ്. കോളജിൽ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സൂപ്രണ്ട് വിശദീകരണം നൽകിയിരുന്നു.

    അതേസമയം സാധാരണക്കാരായ ജീവനക്കാരുടെ അറസ്റ്റിൽ കേസ് ഒതുക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാർത്തോമ കോളജിലേക്ക് ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകും. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസത്തെ മാർച്ചിൽ പൊലീസ് ലാത്തി വീശിയതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദ് ആചരിക്കുകയാണ്.

    വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന: കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

    നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ  അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണ സമിതി (Fact Finding Committee) രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് (NTA) അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. ഈ സമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും കേസിലെ തുടർനടപടികൾ. സമിതി കൊല്ലത്തെത്തി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

    കേന്ദ്രമന്ത്രി വി മുരളീധരനും കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

    Also Read- വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ

    സംഭവവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. അന്വേഷണസംഘം ഇന്നു കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.
    Published by:Anuraj GR
    First published: