• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന: കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന: കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

ഈ സമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും കേസിലെ തുടർനടപടികൾ. സമിതി കൊല്ലത്തെത്തി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

  • Last Updated :
  • Share this:
    നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ  അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണ സമിതി (Fact Finding Committee) രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് (NTA) അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. ഈ സമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും കേസിലെ തുടർനടപടികൾ. സമിതി കൊല്ലത്തെത്തി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

    കേന്ദ്രമന്ത്രി വി മുരളീധരനും കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. അന്വേഷണസംഘം ഇന്നു കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.

    Also Read- വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ

    സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായുള്ള ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാലുവീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി.

    വനിതാ കമ്മീഷന്‍ അംഗങ്ങളും കോളജിലെത്തി. കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മീഷനുകളും കേസെടുത്തിരുന്നു.

    English Summary: Ministry of Education has asked the National Testing Agency to ascertain all the facts about the incident on the spot from stakeholders present at the Centre at that time. Accordingly, a Fact Finding Committee has been constituted by the NTA to ascertain the facts in detail. Further action will be taken based on the report of the Fact Finding Committee.
    Published by:Rajesh V
    First published: