കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെയാണ് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
മദ്യാസക്തിയിൽ പൊതുജനങ്ങൾക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് അന്യായമായിട്ടാണ്. ഇത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. സംസ്ഥാന പോലീസ് സേനയുടെ ആത്മവീര്യം ചോർത്തുന്ന നടപടിയാണിതെന്നും പൊലീസ് അസോസിയേഷൻ വ്യക്തമാക്കി.
സസ്പെൻഷന്റെ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് KPOA സംസ്ഥാന നിർവാഹക സമിതിയുടെ അടിയന്തിര യോഗം എറണാകുളത്ത് ചേരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
കൊല്ലത്തെ പൊലീസ് - അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ്. എച്ച്. ഒ ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. ഇതിനെതിരെ ഐ. പി എസ് അസോസിയേഷനും പരസ്യമായി രംഗത്തെത്തിയിരുന്നു. സസ്പെൻഷൻ നീതികരിക്കാനാവാത്തതാണെന്നും വിമർശിച്ചു.
Also Read- അഭിഭാഷകന്റെ അറസ്റ്റ്: അഭിഭാഷകന്റെ അറസ്റ്റ്: നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ വിധേയമായി സസ്പെൻഷൻ
മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ ഈ മാസം 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങി.
ഇങ്ങിനെ അഭിഭാഷകരും പൊലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പൊലീസുകാർക്കെതിരായ നടപടി. കരുനാഗപ്പള്ളി ളി എസ്. എച്ച്. ഒ ജി. ഗോപകുമാർ ,എസ്. ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്. ഐ ഫിലിപ്പോസ് ,സി.പി. ഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടർ അന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ അഭിഭാഷകർ ആരോപിക്കും പോലെ മർദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡി. ഐ. ജിയുടെ അന്വേഷണ റിപ്പോർട്ട്. ആരോപണ വിധേയനായ സി. ഐ ഗോപകുമാർ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു. അതിനാൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പിയും നിർദേശിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് വിജയ് സാഖറയുടെ നടപടി. അഭിഭാഷകരുടെ സമ്മർദത്തിന് മുന്നിൽ നിരപരാധികളായ പൊലീസുകാരെ എ.ഡി.ജി.പി ബലിയാടാക്കിയെന്നാണ് വ്യാപക വിമർശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bar Council, Kerala police, Kollam