പാലക്കാട്: ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ. ശാന്തകുമാരി. ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടർമാരോട് അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിലാണ് ശാന്തകുമാരി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. “ഇവിടെ തെർമോമീറ്ററും, സ്റ്റെതസ്കോപ്പും ഒന്നും ഇല്ലേ” എന്ന് ചോദിച്ചു. “അത് ഇവിടെ ഇല്ലെന്നും തോട്ടുനോക്കിയാൽ അറിയമെന്നുമാണ്” ഡോക്ടർ മറുപടി പറഞ്ഞതെന്ന് ശാന്തകുമാരി പറയുന്നു.
‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം. എന്നാൽ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിലുള്ള ഒരു സംഭാഷണവും പരാമർശമോ നടത്തിയിട്ടില്ലെന്ന് ശാന്തകുമാരി വ്യക്തമാക്കി.
സംഭവകത്തിൽ ഖേദം പ്രകടിപ്പിച്ച ശാന്തകുമാരി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളോടുള്ള സമീപനത്തിൽ മറ്റം വരുത്തണം എന്നാണ് അഭിപ്രായമെന്നും അവർ പറഞ്ഞു.
കെ. ശാന്തകുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ക്യാഷ്യാലിറ്റിയിൽ ചികത്സക്ക് പോയതുമായി ബന്ധപ്പെട്ടുകൊണ്ട് ചാനലുകളിൽ വന്ന വാർത്തയെ സംബന്ധിച്ച്…
ഇന്നലെ 11/05/2023 ന് വൈകുന്നേരം 8:00 നും 8:30 മണിക്കും ഇടയിൽ ഞാൻ എന്റെ ഭർത്താവിന് അസുഖവുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ക്യാഷ്യാലിറ്റിയിൽ ചെന്ന സമയം, ഞാൻ എം.എൽ.എ. ആണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവർ അതൊന്നും ശ്രദ്ധിക്കാതെ നിന്ന സമയം റോഷിനി എന്നുപറയുന്ന ഡോക്ടർ വന്ന് ഭർത്താവിൻ്റെ പേരും വയസും ചോദിച്ച് ഒ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. ഭർത്താവിന് കടുത്ത പനിയും വിറയലും ഉണ്ടായിരുന്നു. ഡയബറ്റിക് ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ഡോക്ടർ തൊട്ട് നോക്കി “100ഡിഗ്രി” ആണെന്നും ഇൻജക്ഷൻ നൽകാമെന്നു പറയുകയും ചെയ്തു.
അപ്പോൾ ഞാൻ “ഇവിടെ തെർമോമീറ്ററും, സ്റ്റെതസ്കോപ്പും ഒന്നും ഇല്ലേ” എന്ന് ചോദിച്ചു. “അത് ഇവിടെ ഇല്ലെന്നും തോട്ടുനോക്കിയാൽ അറിയമെന്നുമാണ്” ഡോക്ടർ മറുപടി പറഞ്ഞത്.
ഈ സമയം ഞാൻ “തൊട്ട് നോകിയിട്ടാണോ നിങ്ങൾ രോഗികൾക്ക് ഇൻഞ്ചക്ഷൻ നൽകുന്നത് , നിങ്ങൾക്ക് രോഗികളോട് ഒക്കെ ഒന്ന് മര്യാദയ്ക്ക് പെരുമാറികൂടെ” എന്ന് പറഞ്ഞു. ആ സമയം പൂജ എന്ന ഡോക്ടർ ഓടിവന്ന് “നിങ്ങൾ എം.എൽ.എ.യൊക്കെ ആയിരിക്കും ഇവിടെ ഒരുപ്പാട് രോഗിക്കൾ ഉണ്ട്” എന്ന് പറഞ്ഞ് എന്നോട് കയർക്കുകയും ചെയ്തു.
ആ സമയം ഞാൻ “ക്യാഷ്യാലിറ്റിയിൽ ഒരുപാട് രോഗികൾ വരും എല്ലാവരെയും നോക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, തലയിൽ മുറുവുമായിവരുന്നവരെ മാത്രമേ നിങ്ങൾ നോക്കുകയുള്ളോ” എന്ന് ഞാൻ പൊതുവായാണ് സംസാരിച്ചത്.
ഇതിന് ശേഷമാണ് ഒരു മെയിൽ നെഴ്സ് ICU യിൽ നിന്ന് തെർമോമീറ്റർ കൊണ്ടു വന്ന് പനി നോക്കിയതും, തുടർന്ന് ഇൻജക്ഷൻ എടുക്കുകയും ചെയ്തത്. ശേഷം ഞാൻ പുറത്ത് വന്ന് DMO, സുപെറിൻ്റെണ്ടെൻ്റ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്ന് രാവിലെ വിളിച്ച് പറഞ്ഞു) എന്നിവരെ വിളിച്ച് ഈ കാര്യം പറയുകയും ചെയ്തു.
ഞാൻ എം.എൽ.എ. ആണെന്ന് അറിഞ്ഞു കൊണ്ട് എന്നെ അപമാനപ്പെടുത്തുന്ന രീതിയിൽ ഡോക്ടർമാർ ധിക്കാരപരമായ രീതിയിൽ സംസാരിച്ചതിൽ എനിക്ക് പരാതിയുണ്ടെന്നും ആയത് അന്വേഷിക്കണം എന്നും ഞാൻ ഫോണിൽ വിളിച്ചു പരാധിപ്പെട്ടിരുന്നു.
കഴിഞ്ഞ “5 വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്” എന്ന നിലയിൽ ജില്ലാ ആശുപത്രിയിലെ ഇന്നു കാണുന്ന വികസനത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണ് ഞാൻ.
സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളോടുള്ള സമീപനത്തിൽ മറ്റം വരുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം…
ഈ സംഭവത്തെ Dr. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും അല്ലാത്തവരും വാർത്താചാനലിൽ ഞാൻ ഡോക്ടർമാരോട് ഇങ്ങനെ തട്ടികേറി പറഞ്ഞതായി “നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്” എന്ന് പറഞ്ഞു എന്ന രീതിയിൽ വളച്ചൊടിച്ച് വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്.
ഞാൻ അത്തരത്തിലുള്ള ഒരു സംഭാഷണവും പരാമർശമോ നടത്തിയിട്ടില്ല. ഞാൻ ഒരു സി.പി.ഐ.എം. പ്രവർത്തകയാണ് എല്ലാവർക്കും നല്ല സേവനവും സൗകര്യവും കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ സന്ദർഭത്തിൽ മേൽ പഞ്ഞെ എന്റെ സംഭാഷണത്തിലോ പരാമർശത്തിലോ ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഈ കാര്യം KGMOA യുടെ ജില്ലാ പ്രതിനിധി Dr. ഗോപികൃഷ്ണനെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.