• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവം: എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയമാർക്കെതിരെ നടപടി

കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവം: എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയമാർക്കെതിരെ നടപടി

പാലം തകർന്നുണ്ടായ  നഷ്ടം കരാർ കമ്പനിയായ ഊരാളുങ്കൽ വഹിക്കണം

  • Share this:
തിരുവനന്തപുരം: ചാലിയാർ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണ സംഭവത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർക്കും അസി. എഞ്ചിനീയർക്കുമെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. പൊതുമരാമത്ത് സെക്രട്ടറിക്കാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയത്. പാലം തകർന്നുണ്ടായ  നഷ്ടം കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി വഹിക്കണമെന്നും പൊതു മരാമത്ത് വകുപ്പ് നിർദേശിച്ചു.

പിഡബ്ല്യൂഡി വിജിലൻസ് വിഭാഗം സമർപിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെക്കാനിക്കൽ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ടെക്നിക്കൽ റിപ്പോർട്ട് ഉൾപ്പെടെയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപിച്ചത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കമ്പനിക്കു കർശന നിർദേശം കൊടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നൈപുണ്യമുള്ള തൊഴിലാളികളാണ് പണിക്കു മേൽനോട്ടം വഹിച്ചത്. പണി പുനരാരംഭിക്കുന്നതിനു മുൻപ് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Also Read-പൊലീസിന് ഇരട്ട നീതി; ചർച്ച വഴി മാറ്റാൻ സിപിഎം കലാപം നടത്തുന്നു: വിഡി സതീശൻ

നേരത്തെ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് കൂടുതൽ വ്യക്തത തേടി മടക്കിയിരുന്നു. മാനുഷിക പിഴവോ യന്ത്ര തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്നാണ് മന്ത്രി നിർദേശിച്ചത്. മാനുഷിക പിഴവാണെങ്കിൽ ആവശ്യത്തിനു നൈപുണ്യമുള്ള തൊഴിലാളികൾ ഉണ്ടായിരുന്നോ എന്നു പരിശോധിക്കാനും നിർദേശിച്ചു.

Also Read-ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിൻ്റെ വീട്ടിൽ നിന്ന് 2.5 ടൺ റേഷനരി പിടികൂടിയ സംഭവം: ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയായിരുന്നു അപകടം. മൂന്ന് ബീമുകളാണ് തകർന്നത്. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്. മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതായതോടെ ബീം ചരിഞ്ഞു താഴുകയായിരുന്നു.

35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും പുഴയിൽ പതിച്ചു. ഒരാൾക്കു പരുക്കേറ്റു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 25 കോടിരൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം നിർമാണം പുനരാരംഭിക്കാനും സർക്കാർ നിർദേശിച്ചു.
Published by:Naseeba TC
First published: