• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂളിമാട് പാലം നിർമ്മാണത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ഊരാളുങ്കലിനും വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കൂളിമാട് പാലം നിർമ്മാണത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ഊരാളുങ്കലിനും വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

 വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയറാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

  • Share this:
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു.  വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണു റിപ്പോർട്ട് സമർപ്പിച്ചത്. കരാർ കമ്പനിക്കും, മേൽനോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.

മേയ് 16നാണു മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികള്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എൻജിനീയർമാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയർ.

കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നൽകിയ വിശദീകരണം. അസി. എൻജിനീയർ മറ്റൊരു നിർമാണ സ്ഥലത്തായിരുന്നു എന്നാണു വിശദീകരണം. ‌കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കൽ പ്രവൃത്തികൾ നടന്നത്.

 Also Read- കൂളിമാട് പാലം തകര്‍ന്ന സംഭവം; ബീം സ്ഥാപിക്കുന്ന ദിവസം എഞ്ചിനീയര്‍മാര്‍ കലാമേളയില്‍

ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നു വകുപ്പു സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം ഉണ്ടായതന്ന് കെ പിസിസി ലീഗൽ എയ്ഡഡ് കമ്മിറ്റി ചെയർമാൻ വി എസ് ചന്ദ്രശേഖരൻ പറഞ്ഞു. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്ത് വരു.പാലം നിര്‍മ്മിക്കുന്നത്  25 കോടി രൂപ ചെലവാക്കിയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. 25 ലക്ഷത്തിന് മുകളിലുള്ള തുകപോലും മാറാന്‍ കഴിയാത്ത സാമ്പത്തിക്ക ഞെരുക്കം അനുഭവിക്കുമ്പോഴാണ് അഴിമതിയില്‍ തീര്‍ത്ത പാലത്തിന്റെ തകര്‍ച്ച പുറത്ത് വരുന്നത്.

സാങ്കേതികത്വം പറഞ്ഞ് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനാണ് പാലം കരാര്‍ എടുത്തുകമ്പനി ശ്രമിക്കുന്നത്. സിപിഎമ്മിന് പൂര്‍ണ്ണ നിയന്ത്രണമുള്ള കമ്പനിയാണ് പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തിവരുന്നത്.കിഫ്ബിയുടെ 3 കോടിയും എംഎല്‍എ ഫണ്ടിലെ മുക്കാല്‍ കോടിയും ചെലവാക്കി നിര്‍മ്മിച്ച തൃശ്ശൂര്‍ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികള്‍ നിര്‍മ്മാണത്തെ അപാകതകള്‍ കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ പൊളിച്ചിരുന്നു.

സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ച് മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഗുരുതരമായ ക്രമക്കേടിനെ തുടര്‍ന്ന് പൊളിച്ച് മാറ്റേണ്ടി വന്നത്. അതുകൊണ്ട് തന്നെ കുളിമാട് പാലം പൊളിഞ്ഞത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കും നിലവാര തകര്‍ച്ചക്കും തെളിവാണ് ഈ രണ്ടും സംഭവങ്ങള്‍. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികളിലെ കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും കണ്ണ്. നേരെ ചൊവ്വെ ഒരുപാലവും സ്‌കൂള്‍ കെട്ടിടവും പണിയാനറിയാത്തവരാണ് സെമിസ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
Published by:Arun krishna
First published: