അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് (Anganwadi building wall collapse) ഒരു കുട്ടിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീ. കോട്ടയം വൈക്കം പോളശ്ശേരി കായിക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണ സമയത്ത് കല്ലു തെറിച്ചു വീണ് കായിക്കര പനയ്ത്തറ അജേഷിന്റ മകൻ ഗൗതമിന് (മൂന്ന് വയസ്സ്) മൂക്കിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. അതിനുശേഷമാണ് മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11ഓടെയാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം കുട്ടികൾ ഉള്ള അങ്കണവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് കഴിഞ്ഞ ദിവസം എത്തിയത്. കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിനോടു ചേർന്നുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഇവിടെ അങ്കണവാടി പ്രവർത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്. കാലിനാണ് കാര്യമായി പരിക്കേറ്റതെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി. മറ്റ് ആന്തരാവയവങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പരിക്ക് ഉണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
അപകടം നടന്ന സംഭവത്തിൽ കോട്ടയം ജില്ലാ കളക്ടർ നടപടി ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് ആവശ്യപെട്ടതായി കളക്ടർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ICDS ജില്ലാ പ്രോഗ്രാം ഓഫീസർക്കാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ചകളും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
ജില്ലയിലെ അങ്കണവാടികളുടെ സുരക്ഷ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഒരു മാസം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു എന്ന് കളക്ടർ പറയുന്നു. പക്ഷെ ICDS ഇത് നൽകിയിരുന്നില്ല. അപകടം ഉണ്ടായ കെട്ടിടം പ്രവർത്തിച്ചത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിലായിരുന്നു എന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. എന്നിട്ടും എങ്ങനെ അപകടം ഉണ്ടായി എന്നതിൽ ദുരൂഹതയുണ്ട്.
കോട്ടയം ജില്ലയിൽ 2500ഓളം അങ്കണവാടികൾ ആണ് പ്രവർത്തിച്ചുവരുന്നത്. പഞ്ചായത്തുകളാണ് സ്ഥലം കണ്ടെത്തി അങ്കണവാടികൾ സ്ഥാപിക്കുന്നതിന് പ്രധാനമായും നടപടി സ്വീകരിക്കേണ്ടത്. പലയിടത്തും സ്ഥലമില്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടി അങ്കണവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
കായിക്കരയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി നേരത്തെ മറ്റൊരു സ്ഥലത്തായിരുന്നു പ്രവർത്തിച്ചത്. ഇവിടെ സുരക്ഷയില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പുതിയ സ്ഥലത്തേക്ക് അങ്കണവാടി മാറ്റിയത്. സെപ്റ്റംബർ മാസത്തിലായിരുന്നു അങ്കണവാടി പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്. ഇവിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഏതായാലും വിഷയത്തിൽ അധികൃതർക്ക് വലിയ വീഴ്ച തന്നെ ഉണ്ടായി എന്നതാണ് വൈക്കം സംഭവം തെളിയിക്കുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം എന്തു നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.