നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജില്ലാ പഞ്ചായത്തിന്‍റെ പടിയിറങ്ങി കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല; പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവച്ചു

  ജില്ലാ പഞ്ചായത്തിന്‍റെ പടിയിറങ്ങി കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല; പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവച്ചു

  നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജമീല, രണ്ട് തവണയാണ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തിയിട്ടുള്ളത്

  കാനത്തിൽ ജമീല

  കാനത്തിൽ ജമീല

  • Share this:
   കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും അംഗത്വവും രാജിവച്ച് കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല. കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറിയത്. നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജമീല, രണ്ട് തവണയാണ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തിയിട്ടുള്ളത്. 2010-15 കാലയളവിലാണ് ആദ്യം പ്രസിഡന്‍റായത്.

   ജമീലയുടെ രാജിവിവരം ചട്ടപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന സർക്കാർ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. ആകെ 27 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ച് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വൈകുകയാണെങ്കിൽ നിലവിലെ അംഗങ്ങളിൽ നിന്നും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള സാധ്യതയും നിലവിലുണ്ട്. വനിതാ സംവരണ സീറ്റായതിനാൽ കെ.കെ. ലതികയോ സതീദേവിയോ പ്രസിഡൻറ്​ പദവിയിലേക്ക്​ എത്തുമെന്ന് സൂചനയുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡൻറ്​ എം.പി. ശിവാനന്ദനായിരിക്കും അധികച്ചുമതല.

   Also Read-രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; 12 പേർ സിപിഎമ്മിൽനിന്ന്; സിപിഐക്ക് 4 മന്ത്രിമാർ

   സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ജമീല, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റെ കൂടിയാണ്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്, തലക്കുളത്തൂർ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സൺ, ചേളന്നൂർ ബ്ലോക്ക്‌‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണത്തിൽ മികവ് തെളിയിച്ച കാനത്തിൽ ജമീല, സിപിഎമ്മിന്‍റെ പുതുമുഖ മന്ത്രിമാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

   പിണറായി വിജയന്റെ  നേതൃത്വത്തിൽ ഇത്തവണ അധികാരത്തിലെത്തുന്നത് 21 അംഗ മന്ത്രിസഭയാണ്. ഇതിൽ 12 പേർ സിപിഎമ്മിൽനിന്നും നാലു പേർ സി.പി.ഐയിൽ നിന്നുമുള്ളവരാണ്. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകും. സിപിഎമ്മിനാണ് സ്പീക്കർ പദവി. ഡെപ്യൂട്ടി സ്പീക്കർ സിപിഐയ്ക്ക് നൽകും. ഐഎൻഎല്ലിൽനിന്ന് ആഹമ്മദ് ദേവർകോവിലിനെയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിനെയും ആദ്യ ടേമിൽ മന്ത്രിമാരാക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമിൽ മന്ത്രിമാരാകും.   വ്യാഴാഴ്ച വൈകിട്ട് 3: 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വച്ചാണ് രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതി‍ജ്ഞാ ചടങ്ങുകൾ നടക്കുന്നത്.  ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ പോലുള്ള ചടങ്ങില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
   Published by:Asha Sulfiker
   First published:
   )}