• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അതിതീവ്രമഴ മുന്നറിയിപ്പ് , ഇടുക്കി ഡാമിലെ ഓറഞ്ച് അലര്‍ട്ട്, പെരിയാര്‍ കര കവിയുമെന്ന ആശങ്ക'; ദുരന്ത മുഖത്തിലൂടെ കടന്നുപോയ ആഴ്ച

'അതിതീവ്രമഴ മുന്നറിയിപ്പ് , ഇടുക്കി ഡാമിലെ ഓറഞ്ച് അലര്‍ട്ട്, പെരിയാര്‍ കര കവിയുമെന്ന ആശങ്ക'; ദുരന്ത മുഖത്തിലൂടെ കടന്നുപോയ ആഴ്ച

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണമായിരുന്നു കോഴിക്കോട് ജില്ലയിൽ നടന്നത്

News18

News18

  • Share this:
കോഴിക്കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതി തീവ്രമഴ മുന്നറിയിപ്പ് (Rain Alert), ഇടുക്കി ഡാമിലെ(Idukki Dam) ഓറഞ്ച് അലർട്ട്, പെരിയാർ കര കവിയുമെന്ന ആശങ്ക. ജില്ല കടന്നുപോയത് ദുരന്തങ്ങൾ മുന്നിൽ കണ്ട  ഒരാഴ്ച. മുഴുവൻ സർക്കാർ വകുപ്പുകളും ജീവനക്കാരും കർമ്മ നിരതരായി അണിനിരന്നതിനൊപ്പം മഴയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ഇരുന്നതോടെ ദുരന്തവും വഴിമാറി. മന്ത്രി പി.രാജീവും, കളക്ടർ ജാഫർ മാലികിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ എകോപിപ്പിച്ചത്.

ഒക്ടോബർ 15 ന് ശക്തമായ മഴ, (ഓറഞ്ച് അലർട്ട് ) ഒക്ടോബർ 16 ന് അതി തീവ്രമഴ (റെഡ് അലർട്ട് ), ഒക്ടോബർ 17 ന് ശക്തമായ മഴയുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു തന്നത്. അതോടൊപ്പം ഇടുക്കി ഡാമിൽ ജലനിരപ്പുയർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണമായിരുന്നു ജില്ലയിൽ പിന്നീട്.

ഡിസ്ട്രിക്ട് എമർജൻസി ഓപറേഷൻ സെന്റർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. പൊതുജനങ്ങൾക്ക് ജില്ലയിലെ പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാൻ ജില്ലാതലത്തിനു പുറമെ താലൂക്കുതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു. താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. കൂടുതൽ ജാഗ്രത പുലർത്തേണ്ട ആലുവ താലൂക്കിൽ എഡിഎം എസ് ഷാജഹാനും പറവൂർ താലൂക്കിൽ സബ് കളക്ടർ വിഷ്ണു രാജും സ്പെഷൽ ഓഫീസർമാരായി ചുമതലയേറ്റു. ഇതോടൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ 22 അംഗ സംഘത്തെയും ജില്ലയിൽ വിന്യസിച്ചു.

ഇടമലയാർ ഡാമിലെ ജലനിരപ്പും ഉയർന്നത് കൂടുതൽ കരുതലിലേക്ക് ജില്ലയെ എത്തിച്ചു. മഴ കനക്കുകയും ഇടുക്കിയും ഇടമലയാറും ഷട്ടറുകൾ ഒരുമിച്ച് തുറക്കുകയും ചെയ്താൽ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന സാഹചര്യമായിരുന്നു നിലനിന്നത്. ഇത് ഒഴിവാക്കാൻ ഇടമലയാർ ഡാമിലെ വെള്ളം ആദ്യം ഒഴുക്കി ജലനിരപ്പ് സുരക്ഷിതമാക്കുക എന്ന നടപടിയാണ് സ്വീകരിച്ചത്. ഇതിനായി ആദ്യം ഇടമലയാർ ഡാമിലെ ഷട്ടറുകൾ ഉയർത്തി. ഇടമലയാറിലെ വെള്ളം കായലിൽ എത്തിയതിനു ശേഷം മാത്രം ഇടുക്കിയിലെ വെള്ളം ഭൂതത്താൻകെട്ടിൽ എത്താവൂ എന്നായിരുന്നു കണക്കു കൂട്ടൽ. ഇടമലയാറിലെ വെള്ളം നാല് മണിക്കൂറിനുള്ളിൽ ഭൂതത്താൻ കെട്ടിലെത്തിയപ്പോൾ പുഴയിലെ ജലനിരപ്പ് ഉയർന്നത് ഒരു സെന്റിമീറ്റർ മാത്രമാണ്. പിന്നീട് ജലനിരപ്പിൽ വ്യതിയാനം കാണിച്ചില്ല. വൈകീട്ട് ആറു മണിയോടെ വെള്ളം വേമ്പനാട്ടു കായലിൽ ചേർന്നു.

വെള്ളം ഉയർന്നാൽ അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. 750 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 13,52, 87 ആളുകളെ മാറ്റി പാർപ്പിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകളുടെ ഒരുക്കം. കോവിഡ് ബാധിതർക്കായി 116 ക്യാമ്പുകളും കണ്ടെത്തി. 5510 പേരെ പ്രവേശിപ്പിക്കാൻ സാധിക്കുന്നതായിരുന്നു ഇത്. പറവൂർ ആലുവ താലൂക്കുകളിലായിരുന്നു കൂടുതൽ ക്യാമ്പുകൾ കണ്ടെത്തിയത്.
പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷാ ഒരുക്കങ്ങളും മറ്റു ക്രമീകരണങ്ങളും പൂർത്തിയാക്കി. മത്സ്യ തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനങ്ങൾക്കാവശ്യമായ ബോട്ടുകൾ ചെല്ലാനം ഹാർബറിൽ നിന്നും ആലുവ, പറവൂർ മേഖലയിൽ എത്തിച്ചു.

ഫയർ ആൻഡ് റസ്ക്യൂ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. ക്വാറി പ്രവർത്തനങ്ങൾ നിർത്തി വച്ചു. ആർ.ടി.ഒ മാരുടെ നേതൃത്വത്തിൽ ക്രയിനും മണ്ണുമാന്തി യന്ത്രങ്ങളും തയാറാക്കി നിർത്തിയിരുന്നു. ആവശ്യത്തിനായി ഒരു താലൂക്കിന് രണ്ട് എന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ബസുകളും സജ്ജീകരിച്ചിരുന്നു.

മണ്ണ് ഇടിയാൻ സാധ്യതയുള്ള ജനവാസ മേഖലയിലും ആളുകളെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകുകയും മാറ്റുകയും ചെയ്തു. പറവൂർ താലൂക്കിൽ കുന്നുകര വില്ലേജിലെ ആനക്കുളം കോളനിയിലെ കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചു. കുട്ടമ്പുഴ വില്ലേജിലെ ആദിവാസി ഊരുകളിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്  ഫോറസ്റ്റ് വകുപ്പ് ബ്ലാവന കടത്തിന് അടുത്തുള്ള ഫോറസ്റ്റ് ഔട്ട് പോസ്റ്റിലും കല്ലേലി മേട്ടിലും കൺട്രോൾ റൂം തുറന്നു. പുഴയിൽ വെള്ളം കൂടി വരുന്ന സാഹചര്യത്തിൽ ആദിവാസി കുടികൾ ഒറ്റപ്പെടാതിരിക്കാൻ പുഴക്ക് കുറുകെ വടങ്ങൾ കെട്ടി മുൻ കരുതൽ നടപടി സ്വീകരിച്ചു.

Also Read-Kerala Rains | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും 25 ലൈഫ് ജാക്കറ്റുകൾ എത്തിച്ച് ബന്ധപ്പെട്ട ആളുകൾക്ക് നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള കടവൂർ , നേര്യമംഗലം വില്ലേജുകളിൽ ആർ.ആർ.റ്റി ടീമുകളും സ്പെഷൽ ടീമുകളും നിരീക്ഷണം നടത്തി.  കുന്നത്തുനാട് വില്ലേജിൽ ചാക്കോത്ത് മല കോളനിയിലെ 42 കുടുംബങ്ങൾക്ക് നോട്ടീസ് കൊടുത്തു. 36 കുടുംബങ്ങളെ മാറ്റി. ഉരുൾ പൊട്ടൽ സാധ്യത ഉള്ള അയ്യമ്പുഴ വില്ലേജിലെ സ്ഥലങ്ങളിൽ എ.ഡി.എം സന്ദർശിച്ച് നടപടികളെടുത്തു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഡോക്ടറിന്റെ യുൾപ്പടെ സേവനം ഉറപ്പാക്കി. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കി. ഇടുക്കി ഡാമിലെ വെള്ളത്തിന്റെ വ്യതിയാനം മനസിലാക്കാൻ ചെറുതോണി മുതൽ ഓരോ പോയിന്റിലും ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇത് പെരിയാർ കായലിനോടു ചേരുന്ന വടുതല യിലും പറവൂരും വരെ നീണ്ടു.

ഓരോ അര മണിക്കൂറും ഇടവിട്ടാണ് ജലനിരപ്പ് കണകാക്കിയത്. ഇടുക്കി ഡാമിലെ വെള്ളം കരിമണൽ ഭാഗത്തെത്തിയപ്പോൾ 1.2 മീറ്റർ ആണ് ജലനിരപ്പ് ഉയർന്നത്. ഇടുക്കി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു ഇവിടെ നിരീക്ഷണം. വെള്ളം നേര്യമംഗലം പാലത്തിലെത്തുമ്പോൾ 30 സെന്റി മീറ്റർ മാത്രമാണ് ജലനിരപ്പുയർത്തിയത്. ഭൂതത്താൻകെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഇവിടെ ജലനിരപ്പ് നിരീക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ വെള്ളം നേര്യമംഗലം പാലം കടന്നു.  വൈകീട്ട് 7.40 നാണ് വെള്ളം ഭൂതത്താൻ കെട്ടിലെത്തുന്നത്. അപ്പോൾ രേഖപ്പെടുത്തിയത് ജല നിരപ്പിൽ 20 സെന്റിമീറ്റർ വർധനവാണ്. നിലവിൽ ഭൂതത്താൻ കെട്ടിൽ നിന്നും 850 ക്യുമെക്സ് വെള്ളം പുറത്തേക്കു പോകുന്നുണ്ടായിരുന്നു. ഇടുക്കിയിലെ വെള്ളവും ചേർന്നപ്പോൾ 865 ക്യുമെക്സ്‌ വെള്ളമായി ഉയർന്നു. ഇത് പെരിയാറിലെ ജല നിരപ്പിൽ വ്യതിയാനമൊന്നും വരുത്തുന്നതായിരുന്നില്ല. രാത്രിയോടെ വെള്ളം ആലുവ കടന്ന് കായലിൽ ചേർന്നു.

Also Read-വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളത്തിന്റെ ജലനിരപ്പ് ഓരോ ഒരു മണിക്കൂറിലും കൈമാറി. ഇത് പി.ആർ.ഡി യുടെ വഴി സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. ഇത് ജനങ്ങളുടെ ആശങ്ക കുറച്ച് ആശ്വാസം പകരുന്നതായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണ് ദുരിതങ്ങളില്ലാതെ മഴയെ നേരിടാൻ കഴിഞ്ഞതെന്ന് കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. പല ഉദ്യോഗസ്ഥരും വനിതകൾ ഉൾപ്പടെ ഓഫീസിൽ തന്നെ ക്യാമ്പു ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിച്ചത്. ആശങ്ക മാറിയെങ്കിലും ജാഗ്രത തുടരുകയാണ്. ദുരന്തങ്ങൾ ഇല്ലാതിരിക്കുന്നതിനായി.
Published by:Jayesh Krishnan
First published: