• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശംഭുദാസ്: പ്രായോഗികജീവിതത്തിന്റെ പെരുമഴയ്ക്കിടയിൽ വിപ്ലവത്തിന്റെ ഊർജം പ്രസരിപ്പിച്ച് ജീവിതശില്പിയായ സുഹൃത്ത്

ശംഭുദാസ്: പ്രായോഗികജീവിതത്തിന്റെ പെരുമഴയ്ക്കിടയിൽ വിപ്ലവത്തിന്റെ ഊർജം പ്രസരിപ്പിച്ച് ജീവിതശില്പിയായ സുഹൃത്ത്

പരാജയപ്പെടുന്ന ജീവിതങ്ങൾക്കൊപ്പം അധികാരമില്ലാതെ നടന്ന ശംഭുദാസ് എങ്ങനെ എല്ലാവരുടേയും സുഹൃത്തായി

ശംഭുദാസ്

ശംഭുദാസ്

 • Share this:
  കോഴിക്കോട്: സംഘടനകളുടെ ചട്ടക്കൂടിനും അധികാരത്തിന്റെ കസേരകള്‍ക്കുമപ്പുറം തന്റെ സ്‌നേഹസാമ്രാജ്യം പണിതുയര്‍ത്തിയ മായനാട് ശംഭുദാസ് ഓര്‍മയായി. വാസ്തുശില്പ രംഗത്ത് പ്രകൃതിയോടിണങ്ങുന്ന ഗൃഹനിര്‍മാണമാണ മാതൃകയുടെ പ്രചാരകനും ഇടതുപക്ഷ പ്രവര്‍ത്തകനുമായിരുന്നു.

  അടിയന്തരാവസ്ഥകാലത്ത് കക്കയം ക്യാമ്പില്‍ പൊലീസ് മര്‍ദനത്തിനിരയായ ശംഭുദാസ് കോഴിക്കോട്ടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. നാസ്തികന്‍, പ്രേരണ എന്നീ മാസികകളുടെ പ്രസിദ്ധീകരണത്തിലും ജനകീയ സാംസ്‌കാരിക വേദിയുടെ രൂപവത്കരണത്തിനും പ്രധാനപങ്കുവഹിച്ചു.

  വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് വിപ്ലവത്തിലേക്ക് നടന്നവരിലധികവും അതിനോട് വിടപറഞ്ഞ് മുഖംതിരിച്ചപ്പോഴും ജീവിതത്തിന്റെ പാതയോരത്ത് തന്റെതായ സുഗന്ധപുഷ്പങ്ങള്‍ വിരിയിച്ച ശംഭുവിനെ അടുത്ത സുഹൃത്തായ ചലച്ചിത്രകാരന്‍ ജോയ് മാത്യു ഇങ്ങനെ അനുസ്മരിച്ചു.

  'അങ്ങിനെ ശംഭു എന്ന ദീര്‍ഘകാല സഖാവ് യാത്രയായി.അടിയന്തിരത്തിന്റെ നാളുകളില്‍ നരാധമന്മാരായ ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും നേതൃത്വത്തില്‍ കക്കയം പീഡന കേന്ദ്രത്തില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി രാജനോടൊപ്പം ഉരുട്ടല്‍ അടക്കമുള്ള ഭീകര മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടി വന്നെങ്കിലും രാജനെപ്പോലെ മരണത്തിനു കീഴടങ്ങാന്‍ ശംഭു ദാസ് തയ്യാറായിരുന്നില്ല. വിപ്ലവശ്രമങ്ങള്‍ പരാജയപ്പെടാന്‍ കൂടിയുള്ളതാണെന്ന തിരിച്ചറിവ് ശംഭുവിനുണ്ടായിരുന്നു.

  തുടര്‍ന്നുള്ള ജീവിതത്തില്‍ തനിക്കറിയാവുന്ന കെട്ടിട നിര്‍മ്മാണാത്തൊഴിലില്‍ ശംഭു വിദഗ്ദ്ധനായി. വളഞ്ഞും പുളഞ്ഞും ഇഷ്ടിക സ്തൂപങ്ങളെ വായുവില്‍ നിര്‍ത്തിക്കുന്ന വിദ്യ ശംഭുവിന്റെ കയ്യൊപ്പുമായി നാടിന്റെ വിവിധസ്ഥലങ്ങളില്‍ പരന്നു കിടക്കുന്നുണ്ട്.കോഴിക്കോട്ടെ മാനാഞ്ചിറ സ്‌ക്വയറിലുമുണ്ടായിരുന്നു ആകാശത്തേക്ക് പിരിഞ്ഞുകയറുന്ന ഇഷ്ടികസ്തൂപങ്ങള്‍. പോലീസ് ആസ്ഥാനത്തിനു നേരെ തിരിച്ചു വെച്ച ഒരു പീരങ്കി ശില്‍പം ഇപ്പോഴും അവിടെയുണ്ട്.അത് നില്‍ക്കുന്ന തറനിര്‍മ്മിച്ചതിലൂടെ ശംഭുദാസ് എന്താണ് അര്‍ഥം വെച്ചിട്ടുണ്ടാവുക?

  ഞാനടക്കം ഒരുപാട് പേര്‍ക്ക് താങ്ങും തണലുമായിരുന്ന കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന
  കാനന സ്‌നേഹിയായ മായനാട്ടെ ഈ മയന്‍ ഇനിയില്ല.
  വിട സഖാവേ.  വിപ്ലവം സ്വപ്നം കണ്ട കാലത്തെ ഊര്‍ജം ജീവിതത്തിലേക്ക് സജീവമായി പകര്‍ത്തി മറ്റുളളവരിലേക്ക് പ്രസരിപ്പിച്ച ശംഭുവിനെ
  മാധ്യമപ്രവര്‍ത്തകനായ ജേക്കബ് തോമസ് അനുസ്മരിച്ചതിങ്ങനെ.

  'ശംഭുവിനെ എങ്ങനെ വിളിക്കണമെന്ന് എനിക്ക് സംശയമേ ഉണ്ടായിട്ടില്ല. എന്നാല്‍, എങ്ങനെ എഴുതണമെന്ന് ഇപ്പഴുമറിയില്ല. എഴുതിയല്ല, അറിഞ്ഞ് നിറഞ്ഞവനായിരുന്നു എനിക്ക് ശംഭു.
  അതെങ്ങനെയായിരുന്നു?

  ശംഭു വൊരു സ്വയം നിര്‍മ്മിത ബ്രാന്റായിരുന്നു.
  ഉടുപ്പിലും മുടിയിലും താടിയിലും. പൊടി പരിഹാസത്തിന്റെയും ഐറണിയുടെയും മേമ്പൊടിയിട്ടങ്ങനെ ചിരിച്ചാണ് ശംഭുവിനെ എപ്പഴും കാണുക. സൂര്യന് കീഴെ ഏത് വിഷയവും ശംഭുവിന് വഴങ്ങും. അക്കാദമികമല്ല ഫംക്ഷണല്‍ ആയിരുന്നു ശംഭുവിനെല്ലാം.

  വാസ്തുകല പഠിക്കാതെ അങ്ങനെ ശംഭു ആര്‍ക്ക് ടെക്റ്റായി. കംപ്യൂട്ടര്‍ പഠിക്കാതെ ആദ്യകാല ടെക്‌നോക്രാറ്റായി. രാഷ്ട്രീയം പയറ്റാതെ ആക്ടിവിസ്റ്റായി.

  രാഷ്ട്രീയത്തിലെ കണ്‍വിക്ഷനായിരുന്നു ശംഭു . തീവ്ര ഇടതോരം ചേര്‍ന്ന് ഒരു ജീവിതമങ്ങനെ നടന്നു ശംഭു. ഇടത് ചേര്‍ന്ന സഹയാത്രികര്‍ ,ഇടത് രാഷ്ട്രീയം പറഞ്ഞ , വലത് മാറിയവരോടുള്ള കലഹങ്ങള്‍.

  ശംഭു ഒരു സുഹൃത്ത് ആയിരുന്നു എനിക്ക്.അതെന്താ അങ്ങനെയെന്ന് ചോദിച്ചാല്‍ എല്ലാവരും സുഹൃത്തുക്കളെല്ലന്നാവും മറുപടി. ഭൂരിപക്ഷവും പരിചയക്കാര്‍ മാത്രം. സുഹൃത്താവുകയെന്ന് പറഞ്ഞാല്‍ പരസ്പരപൂരകങ്ങളാവുകയെന്നാണ് സാരം.
  ശംഭു എനിക്ക് മാത്രമല്ല,നിരവധി പേര്‍ക്ക് സുഹൃത്തായിരുന്നു. ഒരു ജീവിതം നിറയുന്നത് അങ്ങിനെയാണ്.

  അറുപതുകളുടെയും എഴുപതുകളുടെയും രാഷ്ട്രീയമായിരുന്നു ശംഭു. നീതി ബോധത്തില്‍ നെയ്തടുത്ത ബാന്ധവങ്ങള്‍, സമരാവേശങ്ങളുടെ അയല്‍ക്കൂട്ടങ്ങള്‍, എടുപ്പിലും , കൂട്ടിലും ഇടത് ചേര്‍ന്നാരു യാത്രയില്‍ നിന്ന് ശംഭു വേറിട്ട് പോകുന്നു.
  അതിജീവനമെന്നുമൊരു സമരമായിരുന്നു ശംഭുവിന്. സമരം മറന്നവര്‍ സഹജീവികളെ മറക്കും. ജീവിതചര്യയില്‍ സമരം പണിഞ്ഞ ശംഭു ജീവിച്ചതിലേറെയും ശേഷിപ്പിക്കുന്നു,'

  പാലക്കോട്ട് വയല്‍ കിഴക്കേതറോല്‍ പരേതരായ രാമന്‍ വൈദ്യരുടെയും അമ്മാളുവിന്റെയും മകനാണ്. 68 വയസായിരുന്നു. ഭാര്യ: പുഷ്പ, മക്കള്‍: മുക്തി (കംമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ബെംഗളൂരു), ഡോ. അമര്‍നാഥ്( സീനിയര്‍ റെസിഡന്റ് ഗവ. ദന്തല്‍ കോളേജ്, കോഴിക്കോട്).
  Published by:Jayesh Krishnan
  First published: