നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rain | കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്; കനത്ത നാശം വിതച്ച് മഴ

  Kerala Rain | കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്; കനത്ത നാശം വിതച്ച് മഴ

  നഗരത്തിലെ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു

  • Share this:
   കോഴിക്കോട് നഗരത്തില്‍ കനത്ത നാശം വിതച്ച് മഴ. കഴിഞ്ഞ ദിവസം മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.

   നഗരത്തിലെ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കല്‍ താഴവും തടമ്പാട്ട്താഴവുമെല്ലാം വെള്ളത്തിനടിയിലാണ്.

   മാവൂര്‍ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. കനത്ത മഴ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നുണ്ട്. നിരവധി ക്വാറികളുള്ള പ്രദേശങ്ങളുള്ള കൂമ്പാറയില്‍ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ചുവരുന്നതും ഭീതിയിലാഴ്ത്തുന്നു.

   കനത്ത മഴ നാശനഷ്ടമുണ്ടാക്കുന്നതിനാല്‍ ജില്ലാ ഭരണകൂടവും അധികൃതരും ജാഗ്രതിയിലാണുള്ളത്.

   കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
   കോഴിക്കോട് - 0495 2371002, ടോള്‍-ഫ്രീ- 1077,
   താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ - കോഴിക്കോട് - 0495 2372996, കൊയിലാണ്ടി - 0496 2620235, വടകര - 0496 2522361, താമരശ്ശേരി - 0495 2223088

   മലപ്പുറം കരിപ്പൂരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു

   മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയിൽ ദുരിതം തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും മൂന്നു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മലപ്പുറം കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ചോനാരിയിൽ മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെയും അബൂബക്കറിൻ്റെയും
   മക്കളായ എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. വീടിന് മുകളിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

   ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകർന്നു. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു.

   കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഒരു വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് നാഗമലയിലുള്ള ക്ഷേത്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്.

   ശക്തമായ മഴയിൽ ക്ഷേത്രത്തിലേക്ക് വെള്ളം വരുന്നത് കണ്ടു തോടിനു കുറുകെ ഉള്ള പാലം മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും വളരെ ദൂരെ മാറിയാണ് മൃതദേഹം കണ്ടെടുത്തത്.

   അതേസമയം, സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടിയാണ് ഓറഞ്ച് അലർട്ട്. ഇന്നലെ ഈ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു.

   തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

   കോഴിക്കോടും കനത്ത മഴ തുടരുകയാണ്. ചാലിയാറിൽ ജലനിരപ്പുയർന്നു. നഗരത്തിൽ മാവൂർ റോഡിലുൾപ്പെടെ വെള്ളം കയറി.  പാലക്കാട് അട്ടപ്പാടിയിൽ ശക്തമായ മഴയിൽ ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ വീണതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

   കനത്ത മഴയിൽ കൊണ്ടോട്ടിയിൽ വ്യാപകവെള്ളക്കെട്ട്. ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. പരിയാരം കമ്മളം മേഖലയിൽ വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുകയാണ്.
   Published by:Karthika M
   First published:
   )}