കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ തെരുവുനായയ്ക്ക് രക്ഷകയായി വീട്ടമ്മ. വാവാട് കുന്നുമ്മൽ നഫീസയാണ് കിണറ്റിൽ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നൽകി ജീവൻ നിലനിർത്തിയത്. വാവാട് കുന്നുമ്മൽ അബ്ദുറഹിമാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് തെരുവുനായ് വീണത്.
കിണറ്റിനുള്ളിൽ നിന്നും നിർത്താതെയുള്ള കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് നായയെ കണ്ടത്. നഫീസയും കുടുംബവും നാട്ടുകാരും ചേർന്ന് നായയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.
ഇതോടെ ആറ് ദിവസത്തോളം നായ കിണറ്റിൽ തന്നെ കഴിഞ്ഞു. കിണറ്റിലെ ജലനിരപ്പിന് തൊട്ടുമുകളിലുള്ള പടവിലാണ് നായ കഴിഞ്ഞത്. നായയുടെ ജീവൻ നിലനിർത്താൻ നഫീസ ഭക്ഷണം കയറിൽ കെട്ടി കിണറ്റിലേക്ക് ഇറക്കുകയായിരുന്നു. ആറ് ദിവസം മുടങ്ങാതെ നഫീസ തന്റെ പ്രവർത്തി തുടർന്നു.
വാട്‌സ്ആപ്പ് വഴി വിവരമറിഞ്ഞ ഇൻസൈറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ സ്ഥലത്തെത്തിയാണ് ഒടുവിൽ നായയെ പുറത്തെത്തിച്ചത്. നഫീസ നൽകിയ ഭക്ഷണമാണ് നായയുടെ ജീവൻ നിലനിർത്തിയത്.
വേനലിൽ ജലക്ഷാമമുണ്ടാകുമ്പോഴാണ് നഫീസയും കുടുബവും ഈ കിണർ ഉപയോഗിക്കുന്നത്. അതിനാൽ കിണറിനടുത്തേക്ക് അധികമാരും പോകാറുണ്ടായിരുന്നില്ല.
വാവാട് കുന്നുമ്മൽ മുഹമ്മദാണ് നഫീസയുടെ ഭർത്താവ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.