വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ആരാധനാലയങ്ങളിൽ വരുന്നവർ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്‍റെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കും. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് അനൗണ്‍സ്മെന്‍റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും.
ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാകും. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.
ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അനുസരിച്ച് എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസവും എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.
അതേസമയം മാനദണ്ഡം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനയുണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ദിവസവും പ്രത്യേക നിരീക്ഷണമൊരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. മിഠായിത്തെരുവിലെ തിരക്ക് കണക്കിലെടുത്ത് പൊലീസ് പ്രത്യേക ജാഗ്രതയാണ് പുലർത്തുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.