കോഴിക്കോട്: കൊടുവള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി. കൊടുവള്ളി, കരുവന്‍പൊയില്‍, പന്നൂര്, എം.ജെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്കൂളിന് പുറത്തുള്ള ചില പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ സ്കൂള്‍ വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. കൊടുവളളി, കരുവന് പൊയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇരു സംഘമായി ചുണ്ടപ്പുറത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. നാട്ടുകാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഒരു മണിക്കൂറോളം നേരം ഏറ്റമുട്ടല്‍ നീണ്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്. സ്കൂളിന് പുറത്തെ ടര്‍ഫില്‍ നടന്ന ടൂര്ണ്ണമെന്റിലുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലിലേക്കെത്തിയതെന്നാണ് സൂചന.
പരീക്ഷക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസും പി.ടി.എ ഭാരവാഹികളും ഇന്നലെ സ്കൂളിലെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളെ സ്കൂളില്‍ തങ്ങാന്‍ അനുവദിക്കാതെ വീട്ടിലേക്ക് പെട്ടെന്ന് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ സ്കൂളിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചുണ്ടപ്പുറത്ത് സംഘര്‍ഷം നടന്നു.
Also Read-വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി തല്ലിച്ചതച്ച് അധ്യാപകന്; ദൃശ്യങ്ങള്‍ പുറത്ത്
പന്നൂര്, എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് രണ്ടാമത്തെ സംഘര്‍ഷമുണ്ടായത്. ഇരു സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷവും സമാന സംഘര്‍ഷമുണ്ടായിരുന്നു. നടുറോട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റമുട്ടുന്ന ദൃശ്യം വാഹനത്തില്‍ പോകുന്നവര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
Also Read-മരത്തിൽ കയറി അതിഥി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി; വാളയാറിൽ മണിക്കൂറുകളോളം ആശങ്ക
സംഘര്‍ഷം നടന്ന ചുണ്ടപ്പുറത്തെ സ്ഥലമുടമ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തുടര്‍ച്ചയായി സംഘര്ഷമുണ്ടാകുന്നതില് ആശങ്കയിലാണ് സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും. 'നേരത്തെ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു. പല രക്ഷിതാക്കളും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. പ്രദേശത്തെ ആണ്‍കുട്ടികള്‍ പഠനകാര്യത്തില്‍ പിറകിലാണ്. വിഷയത്തില്‍ രാഷ്ട്രീയ,സാമൂഹ്യ സംഘടനകളുടെ ഇടപെടലുണ്ടാവണം'- ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.