നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുസ്ലിം ലീഗിന്റെ കെട്ട തീരുമാനങ്ങളെ ന്യായീകരിച്ച് പരിഹാസ്യനായി ഇനി വയ്യ'; ഷാഫി ചാലിയം

  'മുസ്ലിം ലീഗിന്റെ കെട്ട തീരുമാനങ്ങളെ ന്യായീകരിച്ച് പരിഹാസ്യനായി ഇനി വയ്യ'; ഷാഫി ചാലിയം

  തെരുവ് പ്രഭാഷകനെന്ന അധിക്ഷേപം കേട്ടിട്ടും പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നും ഷാഫി ചാലിയം പറയുന്നു

  ഷാഫി ചാലിയം

  ഷാഫി ചാലിയം

  • Share this:
  കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ താനില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചപ്പോഴും പാര്‍ട്ടി മോശം തീരുമാനങ്ങള്‍ എടുക്കുമ്പോഴും ന്യായീകരിക്കേണ്ടിവരികയാണ്. തെരുവ് പ്രഭാഷകനെന്ന അധിക്ഷേപം കേട്ടിട്ടും പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നും ഷാഫി ചാലിയം പറയുന്നു. നാല് മാസം മുമ്പ് പാര്‍ട്ടി സെക്രട്ടറിയായി നിയമിതനാകുന്നതിന് തൊട്ടുമുമ്പത്തെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തായത്.

  പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ മുഴുവന്‍ ന്യായീകരിക്കേണ്ടി വരികയാണെന്ന് സ്വയം കുറ്റപ്പെടുത്തുകയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചപ്പോഴും ന്യായീകരിക്കേണ്ടിവന്നു. ഇങ്ങിനെ ന്യായീകരിക്കാന്‍ പോകുമ്പോള്‍ ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനിരയാവുകയാണ് താനെന്നും ഷാഫി ചാലിയം പറയുന്നു.

  'പാര്‍ട്ടിയുടെ കെട്ട തീരുമാനങ്ങള്‍ വരുമ്പോള്‍ ന്യായീകരിക്കാന്‍ വേണ്ടി സമുദായം വിളിക്കുന്നത് എന്നെയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് ദേശീയ രാഷ്ട്രീയത്തിലേക്ക് അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു. ഇതൊക്കെ വന്നാലും സമുദായത്തിന് മുന്നില്‍ വിശദീകരിക്കാന്‍ ആളുകള്‍ വിളിക്കുന്നത് എന്നെയാണ്. ഇത് ന്യായീകരിക്കാന്‍ പോയാല്‍ മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള സൈബര്‍ ഗുണ്ടകള്‍ മോശമായി തെരുവ് പ്രഭാഷകനെന്ന് പണം വാങ്ങിയാണ് ചെയ്യുന്നതെന്നും പറയുന്നു. ഇതൊക്കെ നമ്മുടെ കുടുംബം കാണുന്നു. അവരെന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടിയൊന്നുമില്ല. ഇങ്ങിനെ ന്യായീകരിക്കാന്‍ പോയിട്ട് എന്താണ് ഉപ്പക്ക് ലഭിക്കുന്നതെന്ന് ചോദിക്കുന്നു. ലീഗ് പരിപാടിയിലേക്ക് ഇനി അവര്‍ വരില്ലെന്നും പറഞ്ഞിട്ടുണ്ട്' ഷാഫി പറയുന്നു.

  'പാര്‍ട്ടിയില്‍ ഒരു സ്ഥാനവും തനിക്ക് ലഭിക്കുന്നില്ല. ഇവരുടെ പരിഗണനാ ലിസ്റ്റിലേക്ക് വരുന്നില്ല. ഇവരെ ന്യായീകരിക്കാന്‍ പോകാത്തവര്‍ക്ക് സ്ഥാനം നല്‍കുന്നു. സഹഭാരവാഹികളെയെങ്കിലും കൊണ്ടുവരൂ. ഫിറോസും ആരും കുഞ്ഞാലിക്കുട്ടി ടീമിനെ ന്യായീകിരിക്കുന്നില്ലല്ലോ. അവര്‍ക്കൊക്കെ മത്സരിക്കാന്‍ അവസരം കൊടുക്കുന്നുണ്ട്. സീറ്റൊന്നും തനിക്ക് വേണ്ട, പാര്‍ട്ടിയില്‍ അഭിമാനത്തോടെ പറയാന്‍ ഒരു സ്ഥാനം മതി'.

  'പാര്‍ട്ടിയില്‍ അന്തരിച്ച ചെര്‍ക്കളം അബ്ദുല്ല, മോയിന്‍ കുട്ടി, എം.ഐ തങ്ങള്‍ എന്നിവരുടെയെല്ലാം ഒഴിവുണ്ട്. ആ സ്ഥാനത്തേക്ക് എന്നെയും എം.സി വടകരയെയും പരിഗണിക്കാം. പക്ഷെ അത് ചെയ്യുന്നില്ല. യൂനുസ് കുഞ്ഞിനെ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ടാക്കാന്‍ തൊലിക്കട്ടി കാണിച്ച പാര്‍ട്ടിക്ക് ഇത് ചെയ്തുകൂടെ. അതിന്റെ വിഷമം നല്ല വണ്ണമുണ്ട്. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു നേതാവ് പോലും വിളിച്ചില്ല. നമ്മളെ കേള്‍ക്കാന്‍ പോലും തയ്യാറാവാത്തവര്‍ക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത്. ആ രാഷ്ട്രീയം അങ്ങ് ഉപേക്ഷിച്ചു' ഷാഫി പറഞ്ഞു.

  'ചന്ദ്രിക എഡിറ്ററായിരുന്ന റഹീം മേച്ചേരിയുടെ കുടുംബം ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധരാണ്. പാര്‍ട്ടിയില്‍ ഒരു അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചില്ല. മേച്ചേരി മരിച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹം പാര്‍ട്ടിയില്‍ എവിടെയായിരുന്നുവെന്ന് അറിയുന്നത്. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ പഞ്ചായത്ത് കമ്മിറ്റിയിലോ പോലും മേച്ചേരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടിയുടെ ചരിത്രമെഴുതിയ എം.സി വടകരയുടെയും സ്ഥിതി ഇതാണ്'' ശബ്ദ സന്ദേശത്തില്‍ പറയുന്നു.

  പാര്‍ട്ടിക്ക് വേണ്ടി ന്യായീകരണത്തിന് ഇനി ഞാനില്ല. നാട്ടില്‍ ഒരു ജോലിക്ക് പോയിത്തുടങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ വലിയ മനസ്സമാധാനമുണ്ടെന്നും ഷാഫി ചാലിയം പറയുന്നു. പി.എം.എ സലാമിന് പിന്നാലെ ഐ.എന്‍.എല്‍ വിട്ട് ലീഗിലെത്തിയ ഷാഫി ചാലിയം പാര്‍ട്ടി പ്രഭാഷണ രംഗത്ത് സജീവമായിരുന്നു. പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ലീഗ് പ്രതിനിധിയായി എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പാര്‍ട്ടി വക്താവ് ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചത്. ഈ നിയമനത്തിന് തൊട്ടുമുമ്പുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
  Published by:Jayesh Krishnan
  First published:
  )}